Connect with us

Kerala

മുനമ്പം സാമുദായിക വിഷയമല്ല; സ്വത്തു തര്‍ക്കം മാത്രം: ഡോ. അസ്ഹരി

സ്വത്തു തര്‍ക്കങ്ങള്‍ സാധാരണ പരിഹരിക്കാറുള്ളതു പോലെയാണ് ഈ വിഷയവും പരിഹരിക്കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്.

Published

|

Last Updated

കൊച്ചി | മുനമ്പം സ്വത്തു തര്‍ക്കം മാത്രമാണെന്നും സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. മാനവ സഞ്ചാരത്തോടനുബന്ധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച മീഡിയ മീറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വത്തു തര്‍ക്കങ്ങള്‍ സാധാരണ പരിഹരിക്കാറുള്ളതു പോലെയാണ് ഈ വിഷയവും പരിഹരിക്കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്.

വഖ്ഫ് ബോര്‍ഡിനെ സ്വത്തുടമയായാണ് കാണേണ്ടത്. വ്യക്തികളുടെ സ്വത്തില്‍ ആളുകള്‍ കൈയേറ്റം നടത്താറുണ്ട്. അതിനൊക്കെ എന്ത് പരിഹാരമാണ് കാണാറുള്ളത്? അതേ രീതിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്തും രേഖകള്‍ പരിശോധിച്ചും പരിഹരിക്കണം.

മുനമ്പം ഭൂമി വഖ്ഫ് സ്വത്താണെന്നതിന് രേഖയുണ്ടെന്നാണ് മുനമ്പം സംരക്ഷണ സമിതി പറയുന്നത്. അങ്ങനെയെങ്കില്‍ ഭൂമി കൃത്യവിലോപം കാണിച്ച് വില്‍പന നടത്തിയെന്നല്ലേ മനസ്സിലാക്കേണ്ടത്. തെറ്റ് ചെയ്ത ആളെ അന്വേഷിക്കുന്നതിന് പകരം സാമുദായിക വിഷയമായി ഉയര്‍ത്തിക്കൊണ്ട് വന്ന് മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത് മറ്റെന്തോ താത്പര്യത്തിനാണെന്നാണ് വിചാരിക്കേണ്ടത്. മുനമ്പത്തെ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം വേഗത്തിലാക്കേണ്ടതുണ്ടെന്നും ഡോ. അസ്ഹരി ആവശ്യപ്പെട്ടു.

ജോലിയാവശ്യാര്‍ഥവും മറ്റും ധാരാളം ആളുകള്‍ യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പൗരത്വം സ്വീകരിച്ച് ചേക്കേറുകയാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി നമ്മുടെ നാട്ടില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും വളരണം. മറ്റ് രാഷ്ട്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയാണ്. നമ്മുടെ രാജ്യത്ത് സ്‌കോളര്‍ഷിപ്പിന്റെ തോത് വര്‍ധിപ്പിക്കണം. വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് ഇവിടേക്ക് കടന്നു വരാനുള്ള അവസരം എളുപ്പമാക്കണം.

സുന്നികള്‍ തമ്മില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. സുന്നി ആശയം പ്രചരിപ്പിക്കുന്നതിന് കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് നിലവിലുള്ളത്. നേരത്തെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. കാലക്രമേണ അതെല്ലാം പരിഹരിച്ചു. മാനവ സഞ്ചാരം യാത്ര അവസാനിക്കുന്നതിനിടക്ക് സുന്നി ഐക്യവുമായി ബന്ധപ്പെട്ട കാര്യമായ ചില വസ്തുതകള്‍ പുറത്ത് വരുമെന്നും അസ്ഹരി പറഞ്ഞു.

 

Latest