National
ഓടിക്കൊണ്ടിരിക്കെ കാര്‍ പൊട്ടിത്തെറിച്ചു; കോയമ്പത്തൂരില്‍ യുവാവ് മരിച്ചു
ഉക്കടം ജി എം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി ജമേഷ മുബിന്‍ (25) ആണ് മരിച്ചത്.

കോയമ്പത്തൂര്‍ | കോയമ്പത്തൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉക്കടം ജി എം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി ജമേഷ മുബിന്‍ (25) ആണ് മരിച്ചത്. കാറിനുള്ളിലെ എല്‍ പി ജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
2019ല്‍ എന്‍ ഐ എ ചോദ്യം ചെയ്തിട്ടുള്ള യുവാവാണ് ജമേഷ മുബിന്‍ എന്നും ഇയാളുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു. കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഡി ജി പി പറഞ്ഞു. ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.