Kerala
കാര്‍ തടഞ്ഞുനിര്‍ത്തി റിട്ട. പ്രൊഫസറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍
കടപ്ര പുളിക്കീഴ് പള്ളിക്കു സമീപം വളഞ്ഞവട്ടം പെരുമ്പുഞ്ചയില്‍ എബി മാത്യു (41) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട | കാര്‍ തടഞ്ഞുനിര്‍ത്തി റിട്ട. പ്രൊഫസറെ കൈവള കൊണ്ട് ആക്രമിച്ച് മൂക്കിന്റെ അസ്ഥി ഇടിച്ചുതകര്‍ത്ത കേസില്‍ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര പുളിക്കീഴ് പള്ളിക്കു സമീപം വളഞ്ഞവട്ടം പെരുമ്പുഞ്ചയില്‍ എബി മാത്യു (41) ആണ് അറസ്റ്റിലായത്.
മാവേലിക്കര ബ്ലോക്ക് ഓഫീസിന് സമീപം കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ വീട്ടില്‍ ആന്റണി ജോര്‍ജ് (62) നാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപത്തു വച്ച് ഈ മാസം 11ന് ഉച്ചക്ക് 12.45നാണ് സംഭവം. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് കാര്‍ ഓടിച്ചുവരികയായിരുന്നു ആന്റണി ജോര്‍ജ്. ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി തനിക്ക് കടന്നുപോകാന്‍ സൈഡ് നല്‍കിയില്ലെന്നതിന്റെ പേരില്‍ കാര്‍ തടയുകയും, അസഭ്യം വിളിച്ചുകൊണ്ടു കൈയില്‍ ധരിച്ചിരുന്ന വളകൊണ്ട് മൂക്കിലും തുടര്‍ന്ന് വലതു കണ്ണിന് താഴെയും ഇടിക്കുകയായിരുന്നു. പ്രതി ആക്രമിക്കാന്‍ ഉപയോഗിച്ച വള പോലീസ് പിടിച്ചെടുക്കുകയും, ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
അന്വേഷണ സംഘത്തില്‍ എസ് ഐമാരായ കെ സുരേന്ദ്രന്‍, കുരുവിള, എ എസ് ഐ. രാജേഷ്, എസ് സി പി ഒ. അനീഷ്, സി പി മാരായ രഞ്ജു, വിനീത്, രജീഷ്, സുജിത്ത് എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.