Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: മനഃപൂര്‍വമായ നരഹത്യാകുറ്റം ഒഴിവാക്കി; പ്രതികള്‍ വിചാരണ നേരിടണം

പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് പ്രോസിക്യൂഷന്‍; വഫക്കെതിരെ പ്രേരണാ കുറ്റം നിലനില്‍ക്കും

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ്  ചീഫ്  കെ  എം ബഷീറിനെ കാറിടിപ്പിച്ച് കലപ്പെടുത്തിയ കേസില്‍ പ്രതികളായ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍, പെണ്‍സുഹൃത്ത് വഫ എന്നിവര്‍ക്ക് മേല്‍ ചുമത്തിയ 304 വകുപ്പ് (മനഃപൂര്‍വമായ നരഹത്യ) ഒഴിവാക്കി. എന്നാല്‍ 304 (എ) നിലനില്‍ക്കുമെന്നും പ്രതികള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്രേട്ട് കോടതിയില്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം  ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം രക്ത സാമ്പിളെയുക്കുന്നത് ബോധ പൂര്‍വം തടസ്സപ്പെടുത്തിയ ഒന്നാം ശ്രീറാം വെങ്കിട്ടരാമന്റെ നടപടി തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിരുന്നെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാതെയാണ് കോടതി ഉത്തരവെന്നും ഇതിനെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്നും കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എ ഹക്കീം വ്യക്തമാക്കി.

ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹര്‍ജികള്‍ ഭാഗികമായി അനുവദിച്ച കോടതി നരഹത്യാ കുറ്റമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പ് 304 നിലനില്‍ക്കില്ലെന്നും എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍ കുറ്റമായ 304 (എ) വകുപ്പ് പ്രതികള്‍ക്ക് മേല്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുറ്റം ചുമത്തലിന് പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 20 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. 184 (മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍), 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും  മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി ശ്രീറാമിന്റെയും വോക്‌സ് വാഗണ്‍  കാറിന്റെ ആര്‍ സി ഓണറും പെണ്‍സുഹൃത്തുമായ രണ്ടാം പ്രതി വഫയുടെയും  വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചാണ് കോടതി  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാല്‍ അപകടത്തിന് തൊട്ടുപിന്നാലെ രക്ത സാമ്പിള്‍ എടുക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ മനഃപുര്‍വം കാല താമസം വരുത്തുകയായിരുന്നെന്നും ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രൊഫഷനല്‍ ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു രക്ത സാമ്പിള്‍ എടുക്കാന്‍ വിസമ്മതിച്ചെന്ന പ്രോസിക്യൂഷന്‍ വാദിച്ചിരുന്നുവെങ്കിലും ഈ വാദം നിരാകരിച്ചാണ് കോടതി പ്രതികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം ഭാഗികമായി അംഗീകരിച്ചത്.  തങ്ങള്‍ക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യമുന്നയിച്ചിരുന്നത്.

Latest