Kerala
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍
വടശ്ശേരിക്കര പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ വീട്ടില്‍ കെ ആര്‍ ഷിബിന്‍ (32) നെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി.
പത്തനംതിട്ട | പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. വടശ്ശേരിക്കര പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ വീട്ടില്‍ കെ ആര്‍ ഷിബിന്‍ (32) നെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി.
സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. മാതാവിന്റെ ഫോണില്‍ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നത്രെ. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാതാവ് കാള്‍ റെക്കോര്‍ഡര്‍ ഫോണില്‍ സജ്ജീകരിക്കുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഷിബിന്‍ കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചു നോക്കിയപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഉടന്‍ തിരികെയെത്തിക്കാമെന്നും ഫോണ്‍ അറ്റന്‍ഡ് ചെയത് ഷിബിന്‍ പ്രതികരിച്ചു. പിന്നീട് കുട്ടിയെയും കൊണ്ട് ഇയാള്‍ ആലപ്പുഴയിലും തുടര്‍ന്ന് ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയത്തും എത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്. ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജ്വല്ലറിയില്‍ വിറ്റ് 3,500 രൂപ വാങ്ങി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂഴിയാര്‍ പോലീസ് ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ ഉടനടി കണ്ടെത്താന്‍ സഹായിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചരിപ്പിക്കുകയും പോലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തിക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തതാണ് ഇരുവരെയും പെട്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് നാലോടെ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കു ശേഷം കൊഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറെ കൂടാതെ എസ് ഐ. വി എസ് കിരണ്‍, സി പി ഒമാരായ പി കെ ലാല്‍, ബിനുലാല്‍, ഷൈജു, ഷൈന്‍, ഗിരീഷ്, അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.