Kerala
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കവെ സംരക്ഷണം നല്കിയ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
തന്റെ ഭാര്യയെ ഒളിപ്പിച്ചുവച്ചതായി ആരോപിച്ച് പ്രതി കലേഷിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു.
തൃശൂര്‍ | കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഭാര്യയെ സംരക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ മുറ്റിശേരി വീട്ടില്‍ കൊച്ചുമോന്റെ മകന് രതീഷി(37) നെയാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജ് കെ ഇ സാലിഹ് ശിക്ഷിച്ചത്. കരിയാട്ടില്‍ കുട്ടന്റെ മകന് കലേഷ് കൊല്ലപ്പെട്ട കേസിലാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
2018 സെപ്തംബര്‍ 24ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി യോടെ സംശയത്തിന്റെ പേരില്‍ പ്രതി വീട്ടില്‍വച്ച് ഭാര്യയെ വാള് ഉപയോഗിച്ച് വെട്ടി. എന്നാല്‍ ഭാര്യ രക്ഷപ്പെട്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഭാര്യയെ തിരഞ്ഞ് പ്രതി സംഭവസ്ഥലത്തുള്ള വീടുകളില്‍ കയറിയിറങ്ങി. ഇതിനിടെയാണ് കലേഷും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയത്. തന്റെ ഭാര്യയെ ഒളിപ്പിച്ചുവച്ചതായി ആരോപിച്ച് പ്രതി കലേഷിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് കലേഷ് പുറത്തേക്കോടിയെങ്കിലും പിന്നാലെയെത്തി തുടര്‍ച്ചയായി വെട്ടി കൊലപ്പെടുത്തി.