Kerala
അരിക്കൊമ്പന്‍ കേസ്; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു
പ്രദേശത്തെ ജനങ്ങളുമായും ജനപ്രതിനിധികളുമായും വിദഗ്ധ സമിതി സംസാരിച്ചു
ഇടുക്കി | കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ ജനങ്ങളുമായും ജനപ്രതിനിധികളുമായും വിദഗ്ധ സമിതി സംസാരിച്ചു. കുങ്കിയാനകളെ തളച്ചിരിക്കുന്ന സ്ഥലമായ സിമന്റ് പാലവും സമിതി സന്ദര്‍ശിച്ചു.പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാനാണ് സമതി അംഗങ്ങളെത്തിയത്.
അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുകയും കൂടുതല്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്യും.
കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ തീരുമാനമെടുക്കുക