Ongoing News
യുവതിയേയും മകനേയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റില്‍
അടൂര്‍ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേവീട്ടില്‍ രതീഷ് (39) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ | പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കി ജയിലിലാക്കിയെന്ന വിരോധത്തില്‍ യുവതിയേയും മകനേയും പെട്രോള്‍ ദേഹത്തൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേവീട്ടില്‍ രതീഷ് (39) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ഭര്‍തൃമതിയായ ഏഴംകുളം വയല സ്വദേശിനിയേയും മകനേയും വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കുപ്പിയില്‍ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു രതീഷ്. പെട്രോള്‍ യുവതിയുടേയും മകന്റേയും ദേഹത്തൊഴിച്ച് ലൈറ്റര്‍ എടുത്ത് കത്തിക്കും എന്ന് ഭീഷണി മുഴക്കി തിരികെ പോയി. തുടര്‍ന്ന് യുവതിയും മകനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
രതീഷും യുവതിയും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കു വച്ച് ഇവര്‍ തമ്മില്‍ അകന്നു. 2023ല്‍ യുവതിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ രതീഷിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്താലാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 23ന് രാത്രി അടൂര്‍ പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന 110 കെ വി വൈദ്യുതി ലൈനിന്റെ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയ വ്യക്തിയാണ് രതീഷ്.
ഒരു കുപ്പി പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളില്‍ കയറിയത്. ഇപ്പോള്‍ അക്രമത്തിനിരയായ യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് രതീഷ് അന്ന് ടവറിന് മുകളില്‍ കയറിയത്. രതീഷിന്റെ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും യുവാവ് ടവറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിന്നില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം സുഹൃത്തായ യുവതിയെ പോലീസിന്റേയും പൊതു പ്രവര്‍ത്തകരുടേയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു. പോലീസിന്റെ അഭ്യര്‍ഥന പ്രകാരം യുവാവിനോട് ടവറില്‍ നിന്നും ഇറങ്ങാന്‍ യുവതി ഫോണില്‍ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മണിക്കൂറുകളുടെ ആശങ്കയ്ക്ക് വിരാമമിട്ട് രതീഷ് താഴെയിറങ്ങിയത്.
അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രതീഷിനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.