Connect with us

From the print

ഫലസ്തീൻ പതാക വീശിയ സംഭവത്തിലെടുത്ത കേസുകൾ പിൻവലിക്കണം: പി ബി

തടവിലാക്കപ്പെട്ട എല്ലാവരെയും ഉടൻ വിട്ടയക്കണം

Published

|

Last Updated

ന്യൂഡൽഹി | മുഹർറം ഘോഷയാത്രയിൽ ഫലസ്തീൻ പതാകകൾ വീശിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ. കഴിഞ്ഞ ദിവസം നടന്ന മുഹർറം ഘോഷയാത്രയിൽ ഫലസ്തീൻ പതാകകൾ വീശിയതിന് ജമ്മു കശ്മീർ, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ യു എ പി എ, ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) എന്നിവയുടെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് കേസെടുത്തിരുന്നു. ബി ജെ പി, വി എച്ച് പി നേതാക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസുകൾ ഫയൽ ചെയ്ത ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ബി ജെ പിയോ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. അല്ലാത്തവ കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിയിലാണെന്നും പി ബി പറഞ്ഞു.

കേന്ദ്രസർക്കാർ ഫലസ്തീൻ ഭരണകൂടത്തെ പിന്തുണക്കുന്നെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കേസുകൾ ഫയൽ ചെയ്തതിലൂടെ അവരുടെ യഥാർഥ മുഖം തുറന്നുകാട്ടുകയാണ്. ഫലസ്തീനോട് ഇന്ത്യൻ ജനത കാണിക്കുന്ന പിന്തുണ കേന്ദ്രത്തിനും ബി ജെ പിക്കും സഹിക്കാൻ കഴിയുന്നില്ലെന്നും പി ബി പ്രസ്താവനയിൽ പറഞ്ഞു.

കേസുകൾ പിൻവലിക്കണം. ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന് അറസ്റ്റിലായി തടവിലാക്കപ്പെട്ട എല്ലാവരെയും ഉടൻ വിട്ടയക്കണം. ഇസ്‌റാഈൽ അനധികൃതമായി കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളിൽ നിന്നും പിന്മാറണമെന്നും കേന്ദ്ര സർക്കാർ അസന്ദിഗ്ധമായി ഫലസ്തീനിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും പി ബി ആവശ്യപ്പെട്ടു.

Latest