Kerala
കണ്ണൂരില്‍ കാര്‍ ആളിക്കത്താന്‍ കാരണം കാറില്‍ സൂക്ഷിച്ച പെട്രോള്‍ കുപ്പികള്‍
കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്
കണ്ണൂര്‍ | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നിരുന്നു. എംവിഡിയും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഷോര്‍ട് സര്‍ക്യൂട്ടാണ് കാറില്‍ തീപ്പടരാന്‍ കാരണമായതെന്ന് കണ്ണൂര്‍ ആര്‍ടിഒ പറഞ്ഞിരുന്നു. സാനിറ്റൈസറോ സ്പ്രേയോ ആവാം തീ ആളിക്കത്താന്‍ ഇടയാക്കിയതെന്നായിരുന്നു നിഗമനം. വിശദമായ പരിശോധനയിലാണ് പെട്രോള്‍ സൂക്ഷിച്ചതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കണ്ണൂര്‍ ആശുപത്രിയിലേക്ക് പോകവെ കാറിന് തീപ്പിടിച്ച് കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു.