Connect with us

International

വെടിനിർത്തൽ അവസാനിച്ചു; ഗസ്സയിൽ വീണ്ടും ബോംബുകൾ വർഷിച്ച് ഇസ്റാഈൽ

ഗസ്സ വീണ്ടും കനത്ത പീരങ്കിക ആക്രമണങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും നടുവിൽ

Published

|

Last Updated

ഗസ്സ സിറ്റി | ഖത്തർ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചകളെ തുടർന്ന് ഗസ്സയിൽ നിലവിൽ വന്ന ആറ് ദിവസത്തെ വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചതോടെ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇസ്റാഈൽ. ഗസ്സയിൽ ഹമാസിന് എതിരായ ആക്രമണം പുനരാരംഭിച്ചതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയാണെന്ന് ഇസ്റാഈൽ സൈന്യം എക്സ് പോസ്റ്റിൽ പറഞ്ഞു. ഇസ്റാഈൽ അതിർത്തിയിലേക്ക് വെടിവെപ്പ് നടത്തി ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്റാഈൽ ആക്രമണം തുടങ്ങിയത്.

ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലും ഹമാസ് പോരാളികളും ഇസ്റാഈൽ സൈന്യവും തമ്മിൽ ശക്തമായ ആക്രമണം നടക്കുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. മധ്യ ഗസ്സയിലെ നുസ്‍രിയ, ബുറെയ്ജ് അഭയാർഥി ക്യാമ്പുകൾക്ക് സമീപം ഇസ്റാഈൽ ടാങ്കുകൾ ഷെൽവർഷം നടത്തി. മേഖലയിൽ ശക്തമായ വ്യോമാക്രമണവും നടക്കുന്നതായി അൽജസീറ റിപ്പോർട്ടിൽ പറയുന്നു. ഗസ്സ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള ഷെയ്ഖ് റദ്‌വാനിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

കനത്ത പീരങ്കിക ആക്രമണങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും നടുവിലാണ് ഗസ്സ ഇപ്പോൾ. വരും മണിക്കൂറുകളിൽ പ്രദേശത്തുടനീളം ആക്രമണം ശക്തമാക്കാന ഇസ്റാഈൽ സൈന്യം പദ്ധതയിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഗസ്സ വീണ്ടും യുദ്ധക്കളമായി മാറുന്നത്. ഖത്തർ മുൻകൈ എടുത്ത് നടത്തിയ ചർച്ചയെ തുടർന്ന് ഗസ്സയിൽ ആദ്യം നാല് ദിവസത്തെ താത്കാലിക വെടിനിർത്തലിനാണ് ഇസ്റാഈൽ സന്നദ്ധമായത്. ഹമാസ് 50 ബന്ദികളെയും ഇസ്റാഈൽ 150 ബന്ദികളെയും മോചിപ്പിക്കുക എന്ന വ്യവസ്ഥയിലായിരുന്നു താത്കാലിക വെടിനിർത്തൽ. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ചൊവ്വാഴ്ച 48 മണിക്കൂര്‍ കൂടി ഇത് ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഇസ്റാഈൽ ആക്രമണം വീണ്ടും തുടങ്ങിയത്.

Latest