From the print
മരുന്നുവില ഇരട്ടിയോളം കൂട്ടി കേന്ദ്രം
11 അവശ്യമരുന്നുകളുടെ വില 50 ശതമാനത്തോളമാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) വര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി | അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 11 അവശ്യമരുന്നുകളുടെ വില 50 ശതമാനത്തോളമാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) വര്‍ധിപ്പിച്ചത്. ആസ്ത്മ, ഗ്ലോക്കോമ, തലാസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളെയാണ് ഇത് ബാധിച്ചത്.
മരുന്ന് ഉത്പാദനം ലാഭകരമല്ലെന്ന നിര്‍മാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ പി പി എ നടപടി. അടുത്തിടെ നടന്ന യോഗത്തിലാണ് മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ ഖണ്ഡിക 19 പ്രകാരം വില വര്‍ധിപ്പിച്ചതെന്ന് എന്‍ പി പി എ വൃത്തങ്ങള്‍ പറഞ്ഞു. ആസ്ത്മക്ക് ഉപയോഗിക്കുന്ന സാല്‍ബുട്ടാമോളിന് ഇപ്പോള്‍ 18 രൂപയാണ് വിപണി വില. പുതിയ തീരുമാന പ്രകാരം, വില 50 ശതമാനം (36 രൂപ) ഉയരും. ക്ഷയത്തിന് ഉപയോഗിക്കുന്ന സ്‌ട്രെപ്‌റ്റോമൈസിന് ഇപ്പോള്‍ ഒന്പത് രൂപയാണ് വിപണി വില. അത് 13 ആയി ഉയരും. മാനസികാരോഗ്യ ചികിത്സക്ക് ഉപയോഗിക്കുന്ന ലിഥിയം ഗുളികകളുടെ വില 15ല്‍ നിന്ന് 22ലേക്ക് ഉയരും. ഗ്ലോക്കോമക്ക് ഉപയോഗിക്കുന്ന പിലോകാര്‍പൈന് വില എഴുപതായാണ് കൂടുന്നത്. ആന്റിബയോട്ടിക്കായ ബെന്‍സിപെന്‍സിലിന്റെ വില എട്ട് രൂപയില്‍ നിന്ന് 12 രൂപയാകും. നിര്‍മാണ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ മെഡിക്കല്‍ വ്യവസായം വിലയില്‍ ഗണ്യമായ വര്‍ധനവ് ആവശ്യപ്പെടുന്നുവെന്നാണ് എന്‍ പി പി എ വ്യക്തമാക്കുന്നത്. അവശ്യ മരുന്നുകളുടെ ലഭ്യത താങ്ങാനാവുന്ന വിലയില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എന്‍ പി പി എ അവകാശപ്പെടുന്നു.
എന്നാല്‍, വര്‍ധിച്ച ചികിത്സാ ചെലവ് കാരണം ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാത്ത രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഇരുട്ടടിയാകും.