Connect with us

National

21 പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതായി കേന്ദ്രം

ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നതായി മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ഇരുപത്തിയൊന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രി മുരളീധര്‍ മോഹോല്‍, ഡോ. എം പി അബ്ദുസ്സുദ് സമദാനിയെ രേഖാമൂലം അറിയിച്ചു. ഗോവയിലെ മോപ്പ, മഹാരാഷ്ട്രയിലെ നവി മുംബൈ, ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകയിലെ കലബുറ ഗി, വിജയപുര, ഹസ്സന്‍, ശിവമോഗ, മധ്യപ്രദേശിലെ ദാബ്ര, യുപിയിലെ ഖുശി നഗര്‍, നോയിഡ, ഗുജറാത്തിലെ ധ്വലേറ, ഹിറാസര്‍, പുതുച്ചേരിയിലെ കരെയ്ക്കല്‍, ആന്ധ്രപ്രദേശിലെ ദ ഗദര്‍ത്തി, ഭോഗപുരം, ഒര്‍വകല്‍, ബംഗാളിലെ ദുര്‍ഗാപൂര്‍, സിക്കിമിലെ പക് യോംഗ് കേരളത്തിലെ കണ്ണൂര്‍, അരുണാചല്‍ പ്രദേശിലെ ഹൊല്ലോംഗി എന്നിവയാണത്. ഇതില്‍ കണ്ണൂര്‍ അടക്കമുള്ള പന്ത്രണ്ട് എണ്ണം പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 158 ലേക്ക് ഉയര്‍ന്നതായി മന്ത്രി പറഞ്ഞു.

530 മില്യണ്‍ യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ അത് 220 മില്യണ്‍ ആയിരുന്നു. വിമാനത്താവളങ്ങളുടെ നിര്‍മാണവും അതിന്റെ പൂര്‍ത്തീകരണവും ഭൂമി ഏറ്റെടുക്കലും നിയമപരമായ അനുമതിയും സാമ്പത്തിക ഘടകവും തടസ്സങ്ങള്‍ നീക്കലുമടക്കമുള്ള നിരവധി സംഗതികള്‍ ആശ്രയിച്ചാണിരിക്കുന്നത്. വിമാനത്താവളങ്ങളുടെ വികസനവും ആധുനികവല്‍ക്കരണവും ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നതായി മറുപടിയില്‍ പറഞ്ഞു വിമാനത്താവളങ്ങള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ താമസം ഒഴിവാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്.

വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും വികസനവും ത്വരിതപ്പെടുത്താനും യാത്രക്കാരുടെ എണ്ണത്തില്‍ വരുന്ന മാറ്റത്തിനനുസൃതമായി വ്യോമ ഗതാഗതത്തില്‍ വരുന്ന തിരക്കും വിമാനത്താവളങ്ങളുടെ സൗകര്യങ്ങളും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.