Connect with us

farm law

പ്രതിഷേധിക്കുന്നത് ചില കര്‍ഷകര്‍ മാത്രമെന്ന് നിയമം പിന്‍വലിക്കാനുള്ള കുറിപ്പില്‍ കേന്ദ്രം

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച പാർലിമെന്റിൽ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലിമെന്റില്‍ തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കെ, വിശദീകരണ കുറിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിയമം പിന്‍വലിക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് എം പിമാര്‍ക്കാണ് കേന്ദ്രം കുറിപ്പ് നല്‍കിയത്. ചില കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ചെറുകിട, പാര്‍ശ്വവത്കൃത കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് കര്‍ഷക നിയമമെന്നും എന്നാല്‍, ഈ പദ്ധതിയുടെ വഴിമുടക്കികളായി ചില കര്‍ഷകര്‍ നിലകൊണ്ടുവെന്നും കുറിപ്പില്‍ പറയുന്നു. കര്‍ഷക നിയമത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ കഠിനമായി ശ്രമിച്ചു. ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും സാങ്കേതികവിദ്യകളുടെ ഗുണം നേടാനും കര്‍ഷകരെ പ്രാപ്തരാക്കുന്നതാണ് നിയമമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ ഒപ്പുവെച്ച കുറിപ്പില്‍ പറയുന്നു.

പതിനായിരക്കണക്കിന് കര്‍ഷകര്‍ രാഷ്ട്ര തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ 15 മാസം നിരന്തരം സമരം ചെയ്തതിനെ തുടര്‍ന്നാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയതടക്കം നിരവധി സമരമുറകള്‍ കര്‍ഷകര്‍ നടപ്പാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു കര്‍ഷക സമരം. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച പാർലിമെന്റിൽ അവതരിപ്പിക്കും.