Kerala
കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കുറക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു; എ വിജയരാഘവന്‍
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ഓരോ പതനഞ്ച് ദിവസം കൂടുമ്പോഴും മുഴുവന്‍ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രം വര്‍ധിപ്പിച്ച ഇന്ധന നികുതി പിന്‍വലിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് സി പി എം നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിന്റെ ശരിയായ കാരണം ചര്‍ച്ച ചെയ്യാത്തത് വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാനാണ്. കൊവിഡില്‍ ഇളവ് വന്നപ്പോള്‍ നിര്‍മാണ മേഖല പുനരാരംഭിച്ചപ്പോള്‍ നിര്‍മാണ വസ്തുക്കളുടെ വില കുത്തനെ കൂട്ടി. ഉത്പാദനച്ചെലവ് വര്‍ധിക്കാതെ തന്നെ ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നു. കേന്ദ്രം സ്വന്തം നിലയില്‍ ഇന്ധനവില അനിയന്ത്രിതമായി കൂട്ടുന്നതാണ് വില വര്‍ധനക്ക് ഇടയാക്കുന്നത്. അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ കാലത്തു പോലും ലാഭം വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുകയാണ്. പെട്രോളിനും ഡീസലിനും 32ഉം 33ഉം രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ അഞ്ചും പത്തും രൂപ വീതം മാത്രമാണ് കുറക്കാന്‍ തയാറായത്. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിക്കുകയല്ല, സാധാരണക്കാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആവശ്യം. അതിനു കേന്ദ്രം തയാറാകുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണത്തില്‍ 2.23 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ബി ജെ പിയുടെ ജനവിരുദ്ധ നയങ്ങളെ പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്. കോണ്‍ഗ്രസിന് മുഖ്യശത്രു പിണറായി വിജയനാണ്. സുധാകരനും സതീശനും കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസിനെ ബി ജെ പിവത്ക്കരിക്കന്‍ ശ്രമം നടത്തുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.