jammu kashir
ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം
വോട്ടര്‍പട്ടിക പുതുക്കല്‍ അവസാനിച്ചതായി സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ അവസാനിച്ചതായി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനഃസ്ഥാപിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആരാഞ്ഞിരുന്നു. അതിന് ഒരു സമയപരിധിയോ റോഡ്മാപ്പോ നിശ്ചയിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
370-ാം വകുപ്പുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ജമ്മു കശ്മീര്‍ ഒരു കേന്ദ്രഭരണ പ്രദേശമായി തുടരില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്നു വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 31-ന് ഇത് സംബന്ധിച്ച് വ്യക്തത നല്‍കുമെന്ന് അന്ന്് കോടതിയെ അറിയിച്ചതു പ്രകാരമാണ് ഇന്നു കോടതിയില്‍ അറിയിച്ചത്.
ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം രാജ്യത്തിന്റെ സുപ്രധാന ഘടകമാണെന്ന് ചീഫ് ജസ്റ്റിസ് അന്നു കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.