Kerala
കേന്ദ്രം ഇസ്‌റാഈലിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നു, ഫലസ്തീന്‍ ജനത നടത്തുന്നത് ചെറുത്തുനില്‍പ്പ്: സാദിഖലി തങ്ങള്‍
ഇത് സമാധാനത്തിനു വേണ്ടിയുള്ള റാലിയാണെന്ന് ശശി തരൂര്‍. പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ് നമ്മുടെ ഐക്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
കോഴിക്കോട് | ഇസ്‌റാഈല്‍ ആക്രമണത്തിനിരയായ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ് റാലി. കോഴിക്കോട് ബീച്ചില്‍ നടന്ന റാലി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ ഇസ്‌റാഈലിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണം ന്യായീകരിക്കാനാകില്ല. സ്വതന്ത്ര ഫലസ്തീന്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസയില്‍ നടക്കുന്നത് മനുഷ്യക്കുരുതിയാണ്. ഫലസ്തീന്‍ ജനത നടത്തുന്നത് ചെറുത്തുനില്‍പ്പും. ഇന്ത്യന്‍ ജനത എക്കാലത്തും ഫലസ്തീനൊപ്പമാണ് നിലകൊണ്ടത്. എന്നാല്‍, നിലവിലെ കേന്ദ്രസര്‍ക്കാര്‍ ആ നിലപാടില്‍ വെള്ളം ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്‌റാഈല്‍ എന്നും ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്നവര്‍ ഭീകരതയോട് സന്ധി ചെയ്യുന്നവരാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇത് സമാധാനത്തിനു വേണ്ടിയുള്ള റാലിയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ശശി തരൂര്‍ എം പി പറഞ്ഞു. പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ് നമ്മുടെ ഐക്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നമ്മുടെ കൈയില്‍ ആയുധമില്ല. അനുദിനം ഫലസ്തീനില്‍ മരിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്കായി ചെയ്യാന്‍ ഒന്നുമില്ല. പക്ഷേ ഒന്നുണ്ട്, അത് ഇന്നീ കടപ്പുറത്ത് നമ്മള്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഈ റാലി അതിന്റെ ഫലം കണ്ടെത്തും. ലോകമെങ്ങും ഇത്തരം റാലികള്‍ നടക്കുകയാണ്. ലോകം മുഴുവന്‍ ഈ കൊലപാതകങ്ങളെ, ഈ ക്രൂരതയെ അപലപിക്കുകയാണ്. ഇസ്‌റാഈല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധം ഈ പൊതുജനാഭിപ്രായമാണ്. ഇന്ത്യന്‍ ജനത ഫലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.