Kerala
വായനാ സംസ്‌കാരത്തിന് തുരങ്കം വെച്ച് കേന്ദ്രം; പ്രിൻ്റഡ് ബുക് പോസ്റ്റ് സേവനം നിര്‍ത്തി തപാല്‍ വകുപ്പ്
അച്ചടി പുസ്തകങ്ങള്‍ തപാലിൽ എത്താന്‍ ചെലവേറും
തിരുവനന്തപുരം | അക്ഷര പ്രേമികളെ നിരാശരാക്കി ‘പ്രിൻ്റഡ് ബുക് പോസ്റ്റ്’ സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് തപാൽ വകുപ്പ്. പുസ്തകങ്ങളും മാഗസിനുകളും അയക്കാന്‍ ഇനി ചെലവേറും. പുതിയ നീക്കം പുസ്തകശാലകള്‍ക്കും ആനുകാലിക പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ്. വായനാ സംസ്‌കാരത്തിന് തുരങ്കം വെച്ചുള്ള നീക്കത്തിനെതിരെ വിജ്ഞാന കുതുകികള്‍ പ്രതിഷേധത്തിലാണ്.
രജിസ്റ്റേര്‍ഡ് പ്രിൻ്റഡ് ബുക്സ് സേവനവും രജിസ്റ്റേഡ് പാറ്റേണ്‍ ആന്‍ഡ് സാംപിള്‍ പാക്കറ്റ് സേവനവും നിര്‍ത്തലാക്കിയിട്ടുണ്ട്. രജിസ്റ്റേർഡ് കത്തുകളുടെ പരമാവധി ഭാരം ഇനി 500 ഗ്രാം ആയിരിക്കും. ഇതുവരെ 2,000 ഗ്രാം വരെ അയക്കാന്‍ സാധിക്കുമായിരുന്നു.
ലൈബ്രറികള്‍, പ്രസിദ്ധീകരണ ശാലകള്‍ തുടങ്ങിയവയടക്കമുള്ള ഉപയോക്താക്കള്‍ക്ക് പതിറ്റാണ്ടുകളായി ലഭിച്ചുവന്ന സേവനമാണ് അവസാനിപ്പിച്ചത്. യാതൊരു ചര്‍ച്ചയോ മുന്നറിയിപ്പോ കൂടാതെയാണ് കേന്ദ്ര സര്‍ക്കാറിൻ്റെ നീക്കം.
600 ഗ്രാമുള്ള ഒരു സാധനം അയക്കാൻ കഴിഞ്ഞ ദിവസംവരെ 21 രൂപ നല്‍കേണ്ടി സൗജന്യ നിരക്ക് നിര്‍ത്തിയതോടെ 61 രൂപയായി. തപാല്‍ ചാര്‍ജ് കുതിച്ചുയരുന്നതിനാല്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പലരും മടിക്കും.
വിജ്ഞാനമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനുമാണ് രാജ്യവ്യാപകമായി ‘ബുക്ക് പോസ്റ്റ്’ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് തന്നെ ഈ സേവനം തുടങ്ങിയിരുന്നു. ഇതാണ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.