Articles
കേരളത്തിന്റെ കഞ്ഞിയില്‍ കേന്ദ്രം മണ്ണ് വിതറുന്നു
കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. റേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഫണ്ടും ലഭിക്കുന്നില്ല. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുത്തനെ കുതിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ദൈനംദിന ജീവിതം നരക തുല്യമാക്കിയിരിക്കുമ്പോഴാണ് റേഷന്‍ രംഗത്തെ പ്രതിസന്ധി ഇടിത്തീയായി ജനങ്ങള്‍ക്കു മേല്‍ വീണിരിക്കുന്നത്.

കേരളം എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്ന ഗൂഢപദ്ധതികള്‍ പല രൂപത്തിലും ഭാവത്തിലും പ്രകടമാകുകയാണ്. കേരള ജനതയെ വര്‍ഗീയമായി വിഭജിക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. നമ്മുടെ നാടിനെ സാമ്പത്തികമായും സാമൂഹികമായും തളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബി ജെ പിക്ക് കേരളത്തില്‍ വേരുപിടിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ അനുവദിക്കുന്നില്ലെന്ന ഒറ്റക്കാരണത്താലാണ് അവരുടെ പ്രതികാര നടപടികള്‍. കേരള ജനതയെ പട്ടിണിക്കിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തിയും പരമാവധി ദുരിതത്തിലേക്ക് തള്ളിവിടാന്‍ അവര്‍ ഒരുക്കിയ പുതിയൊരു കെണിയുണ്ട്. റേഷന്‍ സമ്പ്രദായത്തെ ഉപയോഗിച്ചു കൊണ്ടാണ് കേരള ജനതക്കെതിരെ കേന്ദ്രം ഒളിയുദ്ധം നടത്തുന്നത്. അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും പരമാവധി വെട്ടിക്കുറച്ചുകൊണ്ട് കേരള ജനതയെ വിലക്കയറ്റത്തിന്റെ എരിതീയില്‍ വലിച്ചെറിഞ്ഞ് ഗൂഢമായി ആനന്ദിക്കുകയാണ് കേന്ദ്രം.
റേഷന്‍ കടകള്‍ ഉണ്ടായിട്ടും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് പോലും അവിടെ നിന്ന് അരി കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. അരി വിതരണം മുടങ്ങുന്നത് പതിവായിരിക്കുന്നു. ഇതോടെ തീവില കൊടുത്ത് വിപണിയില്‍ നിന്ന് അരി വാങ്ങേണ്ടി വരുന്നു. നിര്‍ധന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കൊവിഡ് കാരണം തൊഴില്‍ നഷ്ടമായ ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തിലുണ്ട്. ഇവരില്‍ പലര്‍ക്കും ജീവിക്കാന്‍ മുമ്പത്തേത് പോലുള്ള വരുമാനമില്ല. റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ വിലക്കുള്ള അരി പോലും നിഷേധിക്കപ്പെടുമ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ് സംജാതമാകുന്നത്. റേഷന്‍ കടകളില്‍ പലപ്പോഴും അരിയില്ലെന്നതിന് പുറമെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപക്ക് ലഭിച്ചുവന്നിരുന്ന അരിയുടെ അളവ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെയായിരിക്കുന്നു. പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ് ഇവയുടെയൊക്കെയും സ്ഥിതി ഇതുതന്നെ. ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്കും അരി വെട്ടിക്കുറച്ചു. കേരളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇതോടെ സകലവിധ ആനുകൂല്യങ്ങള്‍ക്കുമുള്ള അവകാശങ്ങളും സാധാരണക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, വിദ്യാര്‍ഥികളുടെ പഠനാനുകൂല്യങ്ങള്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള അടിസ്ഥാന മാനദണ്ഡം ബി പി എല്ലിലോ മുന്‍ഗണനാ ലിസ്റ്റിലോ ഉള്‍പ്പെട്ടിരിക്കണം എന്നുള്ളതാണ്.
റേഷന്‍ രംഗത്ത് ഇന്ന് കാണുന്ന രൂക്ഷമായ പ്രതിസന്ധി ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കിയതിലെ അപാകതകള്‍ കൊണ്ടാണെന്നും കയറ്റിറക്കു തൊഴിലാളികള്‍ അട്ടിമറിക്കൂലി ആവശ്യപ്പെടുന്നതുകൊണ്ടാണെന്നും ഈ പ്രതിസന്ധികളെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തനതു പരിപാടികളെക്കുറിച്ച് ആലോചിക്കുന്നുവെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ആരോപണ-പ്രത്യാരോപണങ്ങളും സജീവമാണ്. എന്നാല്‍ ഇതൊക്കെ യഥാര്‍ഥ കാരണം മൂടിവെക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല.
റേഷന്‍ രംഗത്തെ പ്രതിസന്ധി കേവലം ഇക്കാരണങ്ങളാല്‍ മാത്രം ഉണ്ടായതോ, മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ പുനഃസ്ഥാപിക്കപ്പെടുന്നതോ അല്ല. കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. റേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഫണ്ടും ലഭിക്കുന്നില്ല. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുത്തനെ കുതിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി വിലക്കയറ്റം വീണ്ടും രൂക്ഷമാക്കുന്നുണ്ട്. കാര്‍ഷിക രംഗത്തിന്റെയും ചെറുകിട വ്യാപാര മേഖലയുടെയും നിര്‍മാണ മേഖലയുടെയും തകര്‍ച്ചയും തത്ഫലമായി വിലക്കയറ്റവും അനിവാര്യ ഫലമായിരിക്കും എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ദൈനംദിന ജീവിതം നരക തുല്യമാക്കിയിരിക്കുമ്പോഴാണ് റേഷന്‍ രംഗത്തെ പ്രതിസന്ധി ഇടിത്തീയായി ജനങ്ങള്‍ക്കു മേല്‍ വീണിരിക്കുന്നത്. റേഷന്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കുന്ന സകല ആനുകൂല്യങ്ങളും നിര്‍ത്തല്‍ ചെയ്യുക, ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ഭാഗത്ത് നിന്നുള്ള സര്‍ക്കാറിന്റെ സമ്പൂര്‍ണ പിന്മാറ്റം എന്നിവയൊക്കെ ലക്ഷ്യം വെച്ച് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നടപ്പാക്കി വരുന്ന നയങ്ങളാണ് റേഷന്‍ രംഗത്തെ ഇന്നുള്ള പ്രതിസന്ധിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഉപഭോക്താക്കളുടെ എണ്ണം കുറക്കുക എന്നതായിരുന്നു ഓരോ നടപടിയുടെയും ലക്ഷ്യം. അതിനായി മാനദണ്ഡങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടേയിരുന്നു. പരിഷ്‌കാരങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമം വരെ എത്തിയപ്പോള്‍ റേഷന്‍ കടകള്‍ കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്.
1991ല്‍ നരസിംഹ റാവു സര്‍ക്കാറിന്റെ കാലം മുതല്‍ നടപ്പാക്കിവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് ഭക്ഷ്യസുരക്ഷാ നിയമം. പൊതുവിതരണം ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നരസിംഹ റാവുവിന്റെ കാലത്താണ്. അതിനു മുമ്പ് വരെ ഇക്കാര്യത്തില്‍ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. 1997ല്‍ റേഷന്‍ ഉപഭോക്താക്കളെ എ പി എല്‍, ബി പി എല്‍ എന്നിങ്ങനെ വിഭജിച്ച് എ പി എല്ലുകാരെ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കിയത് അന്നത്തെ കേന്ദ്ര സര്‍ക്കാറാണ്. റേഷന്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണമായി. 2001-2002 കാലയളവില്‍ അധികാരത്തിലിരുന്ന വാജ്പയ് സര്‍ക്കാര്‍ ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണത്തില്‍ നിന്നും ക്രമേണ പിന്മാറി തത്സ്ഥാനത്ത് കുത്തകകളുടെ അധിനിവേശം ഉറപ്പാക്കി. ഇക്കാലയളവില്‍ ബി പി എല്ലുകാര്‍ വീണ്ടും തരംതിരിവിന് ഇരയായി. അന്ത്യോദയ-അന്നയോജന പദ്ധതിയിലൂടെ ബി പി എല്ലിലെ ഗതിയില്ലാത്തവര്‍ക്കായി വീണ്ടും തിരച്ചില്‍ നടന്നു. റേഷന്‍ രംഗത്ത് നിന്ന് സര്‍ക്കാറിന്റെ സമ്പൂര്‍ണ പിന്മാറ്റം ഉറപ്പാക്കിക്കൊണ്ടാണ് ഭക്ഷ്യസുരക്ഷാ നിയമം വന്നത്. എല്ലാ നയങ്ങളിലും എന്നതുപോലെ കൊട്ടിഘോഷത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ പരിപാടിയുടെ ഭാഗമായാണ് ഈ നയം അറിയപ്പെടുന്നത്. 2012ല്‍ ഇന്ത്യ യു എന്നുമായി കരാറില്‍ ഏര്‍പ്പെട്ടു. 2013ല്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കി. കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന കെ വി തോമസാണ് പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ചില്ലറ കശപിശകള്‍ ഉണ്ടായെങ്കിലും ബില്‍ പാസ്സാക്കുന്നതിന് പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണ ലഭ്യമായി. അങ്ങനെ ‘നാഷനല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് 2013’ പാര്‍ലിമെന്റ് പാസ്സാക്കി, നിയമവുമായി.
എ പി എല്‍, ബി പി എല്‍ വിഭജനം അതോടെ ഇല്ലാതെയായി. അതിന് പകരം ‘പ്രയോരിറ്റി ലിസ്റ്റ്’ അഥവാ മുന്‍ഗണനാ ലിസ്റ്റ് വന്നു. അര്‍ഹരെ കണ്ടെത്താന്‍ മാനദണ്ഡം മാറി. സ്ത്രീകള്‍ കാര്‍ഡ് ഉടമകളായി. സെന്‍സസിലെ രേഖകള്‍ അടിസ്ഥാനമാക്കി ‘മുന്‍ഗണനാ ലിസ്റ്റ’ തയ്യാറാക്കാന്‍ നിര്‍ദേശം വന്നു. സ്ത്രീകള്‍, വിധവകള്‍, അവിവാഹിതകള്‍, മാനസിക രോഗികള്‍, മാറാരോഗികളോ മാരക രോഗികളോ ആയിട്ടുള്ളവര്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, എയ്ഡ്സ്, ക്യാന്‍സര്‍ രോഗികള്‍, ഓട്ടിസം ബാധിച്ചവര്‍, വീടില്ലാത്തവര്‍, വീടിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം ലഭ്യമല്ലാത്തവര്‍, പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ ഇവരൊക്കെ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടേക്കും എന്ന് ധാരണയായി. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവരെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആയിരുന്നെങ്കിലും മുന്‍ഗണനാ ലിസ്റ്റില്‍ എത്രപേര്‍ വരെയാകാം എന്ന് മുന്‍കൂട്ടി കേന്ദ്രത്തില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ കോണ്‍ഗ്രസ്സ് സര്‍ക്കാറാകട്ടെ, കുത്തക സംഭരണ നിയമം തന്നെ പൊളിച്ചെഴുതി. റേഷന്‍ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി മെക്കന്‍സിയെ ചുമതലപ്പെടുത്തി. റേഷന്‍ വെട്ടിച്ചുരുക്കാനും എഫ് സി ഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനും തൊഴിലാളികളെ പരിച്ചുവിടാനും അവര്‍ നിര്‍ദേശിച്ചു. അടച്ചൂപൂട്ടിയ ഗോഡൗണുകള്‍ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കി.