Connect with us

Kerala

പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെ, ഒഴിയണോ തുടരണമോ എന്ന് കേന്ദ്രം തീരുമാനിക്കും; കെ സുരേന്ദ്രന്‍

എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയില്‍ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും കെ. സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട്|ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തുമെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇ ശ്രീധരന് നല്ല നിലയില്‍ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകള്‍ പിടിക്കാന്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയ ആളാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാണ് ഞാന്‍. പരാജയമുണ്ടായാല്‍ എപ്പോഴും പ്രസിഡന്റിനാണ് പഴി കേള്‍ക്കേണ്ടിവരിക. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാന മാറ്റം വ്യക്തിപരമല്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും രാജി വെക്കുമോയെന്ന ചോദ്യത്തിന് സുരേന്ദ്രന്‍ മറുപടി നല്‍കി.

എന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയില്‍ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 

 

Latest