Kerala
പാഠപുസ്തകങ്ങളിലെ ചരിത്രം വികലമാക്കുന്ന കേന്ദ്ര നടപടി; കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
യാഥാര്‍ഥ്യങ്ങളോട് നീതിപുലര്‍ത്താതെയുള്ള പാഠപുസ്തക നിര്‍മിതി ചരിത്ര നിഷേധമാണ്. കേരളം അതിന് ഒരു തരത്തിലും കൂട്ടുനില്‍ക്കില്ല.

തിരുവനന്തപുരം | പാഠപുസ്തകങ്ങളില്‍ ചരിത്ര സംഭവങ്ങളെ വികലമാക്കി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവന്‍കുട്ടി. ഈ രീതിയിലുള്ള നടപടികള്‍ കേരളം അംഗീകരിക്കില്ല. സങ്കുചിത രാഷ്ട്രീയ ലാക്കോടെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം തീരുമാനിക്കുന്നത് അക്കാദമികമായി നീതീകരിക്കാന്‍ കഴിയുന്നതല്ല.
ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ എന്‍ സി ഇ ആര്‍ ടി നടത്തിയ മാറ്റങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പറഞ്ഞു. യാഥാര്‍ഥ്യങ്ങളോട് നീതിപുലര്‍ത്താതെയുള്ള പാഠപുസ്തക നിര്‍മിതി ചരിത്ര നിഷേധമാണ്. കേരളം അതിന് ഒരു തരത്തിലും കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളില്‍ പോലും വര്‍ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണ വേളയില്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആശങ്ക പൂര്‍ണമായും ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും മന്ത്രി പറഞ്ഞു.