Connect with us

Uae

പുതിയ അഞ്ച്, പത്ത്, അമ്പത് ദിര്‍ഹം നോട്ടുകള്‍ എ ടി എം മെഷീനുകളില്‍ ലഭ്യമാക്കിയതായി സെന്‍ട്രല്‍ ബേങ്ക്

എമിറേറ്റ്‌സ് എന്‍ ബി ഡി, അബൂദബി കൊമേഴ്‌സ്യല്‍ ബേങ്ക് (എ ഡി സി ബി ), ഫസ്റ്റ് അബൂദബി ബേങ്ക് (എഫ് എ ബി), ബേങ്ക് ഓഫ് ഷാര്‍ജ തുടങ്ങിയ ബേങ്കുകളുടെ എ ടി എം മെഷീനുകളില്‍ നിന്ന് ഈ പുതിയ കറന്‍സി നോട്ടുകള്‍ ലഭ്യമാണ്.

Published

|

Last Updated

അബൂദബി | പുതുതായി പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിര്‍ഹം കറന്‍സി നോട്ടുകള്‍ രാജ്യത്ത് പ്രചാരത്തില്‍ വന്നതായും, യു എ ഇയിലെ മുഴുവന്‍ ബേങ്കുകളിലേക്കും വിതരണം ചെയ്തതായും സെന്‍ട്രല്‍ ബേങ്ക് ഓഫ് യു എ ഇ അറിയിച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ നോട്ടുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ പ്രചാരണം കൂട്ടുന്നതിനുമായി യു എ ഇ ബേങ്ക്‌സ് ഫെഡറേഷനുമായി ചേര്‍ന്ന് രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ബേങ്കുകളുടെ എ ടി എം മെഷീനുകളില്‍ പുതിയ അഞ്ച്, പത്ത്, അമ്പത് ദിര്‍ഹം കറന്‍സി നോട്ടുകള്‍ ലഭ്യമാക്കിയതായി സെന്‍ട്രല്‍ ബേങ്ക് വ്യക്തമാക്കി. എമിറേറ്റ്‌സ് എന്‍ ബി ഡി, അബൂദബി കൊമേഴ്‌സ്യല്‍ ബേങ്ക് (എ ഡി സി ബി ), ഫസ്റ്റ് അബൂദബി ബേങ്ക് (എഫ് എ ബി), ബേങ്ക് ഓഫ് ഷാര്‍ജ തുടങ്ങിയ ബേങ്കുകളുടെ എ ടി എം മെഷീനുകളില്‍ നിന്ന് ഈ പുതിയ കറന്‍സി നോട്ടുകള്‍ ലഭ്യമാണ്.

2022 ഏപ്രില്‍ പകുതിയോടെയാണ് സെന്‍ട്രല്‍ ബേങ്ക് ഓഫ് യു എ ഇ പോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള അഞ്ച്, പത്ത് ദിര്‍ഹം മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയത്. പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ നോട്ടുകള്‍ പരമ്പരാഗത കോട്ടണ്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതും സുസ്ഥിരവുമാണ്. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി നിലവിലുള്ള അഞ്ച്, പത്ത് ദിര്‍ഹം നോട്ടുകളുടെ അതേ നിറങ്ങള്‍ ഉപയോഗിച്ചാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പുതിയ അഞ്ച് ദിര്‍ഹം നോട്ടിന്റെ മുന്‍വശത്ത് അജ്മാന്‍ ഫോര്‍ട്ട്, പിറകുവശത്ത് റാസ് അല്‍ ഖൈമയിലെ ധായാഹ് ഫോര്‍ട്ട് എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. പുതിയ പത്ത് ദിര്‍ഹം ബേങ്ക് നോട്ടിന്റെ മുന്‍വശത്ത് മധ്യഭാഗത്തായി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

 

Latest