Connect with us

union budget 2022

കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് കേന്ദ്ര ബജറ്റ്

സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം  കേരളം മുന്നോട്ടുവച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് |  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മയെ മറികടക്കാന്‍ പര്യാപ്തമായ നടപടികളോ അടിസ്ഥാന മേഖലകളിലേക്ക് ആവശ്യമായ വിഹിതമോ ബജറ്റ് നീക്കിവെച്ചില്ലെന്നാണു പൊതുവായ വിമര്‍ശനം. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന  കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം  കേരളം മുന്നോട്ടുവച്ചിരുന്നു. കേന്ദ്രത്തിന്റെ ഓഹരിയായി 2,150 കോടി രൂപയും റെയില്‍വേയുടെ കൈവശമുള്ള 975 കോടി രൂപ വിലമതിക്കുന്ന ഭൂമിയും പദ്ധതിക്കു പ്രതീക്ഷിച്ചിരുന്നു. എയിംസ്, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ സോണ്‍, ശബരിപാത എന്നിവയെല്ലാം ഇത്തവണയും പ്രതീക്ഷകളുടെ പട്ടികയിലുണ്ടായിരുന്നു. കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കണമെന്നും മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക മേഖലയിലെ പ്രധാന ആവശ്യം റബറിന് താങ്ങ് വിലയും വിളകള്‍ക്ക് പ്രത്യേക സഹായവുമായിരുന്നു. ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് നീട്ടണമെന്നുതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ജി എസ് ടി വരുമാനം കുറഞ്ഞാല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഈ വര്‍ഷം ജൂണില്‍ അവസാനിക്കും. കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തികസ്ഥിതി ഇതോടെ പരിതാപകരമാവും. വന്‍കിട പദ്ധതികള്‍ക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും വായ്പാ പരിധി ഉയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.  മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജും കേരളത്തിന്റെ പ്രതീക്ഷയായിരുന്നു.

15-ാം ധനകാര്യകമ്മിഷന്‍ വിഹിതം വെട്ടിക്കുറച്ചതിലൂടെ കേരളത്തിൻ്റെ ഒരുവര്‍ഷത്തെ മാത്രം നഷ്ടം 6,400 കോടിയാണ്. നഷ്ടം നികത്താന്‍ സാമ്പത്തികസഹായം അനുവദിക്കുക, പെട്രോളിനും ഡീസലിനും മേലുള്ള സെസ്സും സര്‍ച്ചാര്‍ജും ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക, കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിന് കൂടുതല്‍ പണം അനുവദിക്കുക കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദേശീയ ആരോഗ്യദൗത്യത്തിലെ മുഴുവന്‍ തുകയും കേന്ദ്രം നല്‍കുക എന്നിവയും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു.

മാലിന്യനിര്‍മാര്‍ജനം, നദികളുടെ പുനരുജ്ജീവനം, പുതിയ തെങ്ങുകള്‍ വെച്ചുപിടിപ്പിക്കല്‍, വനസംരക്ഷണം എന്നിവയ്ക്കായി ധനകാര്യ കമ്മിഷന്‍ അനുവദിച്ച 1,100 കോടി കിട്ടുമെന്ന് ഉറപ്പാക്കുക, സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതിയിളവ് നല്‍കുക, തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങളും കൂലിയും കൂട്ടുക, വാക്‌സിന്‍ ഗവേഷണം, ഉത്പാദനം, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം എന്നിവക്ക് സഹായം നല്‍കുക, ബഹിരാകാശരംഗത്ത് യന്ത്രങ്ങളുടെ നിര്‍മാണത്താവളമായി കേരളത്തെ മാറ്റാന്‍ ആത്മനിര്‍ഭര്‍ പാക്കേജില്‍ അധികസഹായം അനുവദിക്കുക എന്നിങ്ങനെ മുന്‍വര്‍ഷം ആവശ്യപ്പെട്ടവയുള്‍പ്പെടെ 22 ആവശ്യങ്ങളാണ് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താനായി കേരളം സമര്‍പ്പിച്ചത്. എന്നാല്‍, വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ബജറ്റ് കേരളത്തിന് നിരാശയാണു സമ്മാനിച്ചത്.

Latest