National
ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു
ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്സൈറ്റുകളുടെയും പ്ലാറ്റ്ഫോമുകളുടെയും നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി.

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചു. ഉപഭോക്താക്കള്‍ക്കുള്ള സാമൂഹിക-സാമ്പത്തിക അപകടസാധ്യത കണക്കിലെടുത്താണ് നടപടി. ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്സൈറ്റുകളുടെയും പ്ലാറ്റ്ഫോമുകളുടെയും നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഓണ്‍ലൈന്‍ വാതുവെപ്പിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ്, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പത്രപ്രവര്‍ത്തന പെരുമാറ്റ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2020 ഡിസംബറില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പരസ്യങ്ങളെക്കുറിച്ചുള്ള അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.