Connect with us

National

ഡല്‍ഹി നിയമസഭാ ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റ് അവതരണം കേന്ദ്രം തടയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി നിയമസഭാ ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ചെയര്‍മാനുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബജറ്റ് അവതരണമുണ്ടാകില്ല. ബജറ്റ് അവതരണം തടഞ്ഞതിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റ് അവതരണം കേന്ദ്രം തടയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവാക്കിയതിലും അധികം തുക സര്‍ക്കാര്‍ പാര്‍ട്ടി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം ലഭിക്കുന്നതുവരെ ബജറ്റ് അവതരണത്തിനുള്ള അനുമതി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ധനമന്ത്രി കൈലാഷ് ഗഹ്ലോട്ട് രംഗത്തെത്തി. മൊത്തം ബജറ്റ് തുക 78,800 കോടിയായിരുന്നു. ഇതില്‍ 22,000 കോടി അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് നീക്കി വെച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വെറും 550 കോടി മാത്രമാണ് പരസ്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുളളതെന്നും കൈലാഷ് ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest