bbc documentary
ബി ബി സി ഡോക്യുമെന്ററിയോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍
മോദിയെ പോലെ മാന്യനായ ഒരാളെ ഇത്തരത്തില്‍ അവതരിപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സുനക് പറഞ്ഞു.

ന്യൂഡല്‍ഹി | 2002 ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബി ബി സി ഡോക്യുമെന്ററിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍. വിശ്വാസയോഗ്യമല്ലാത്ത അവതരണത്തിലൂടെ പ്രചണ്ഡപ്രചാരണത്തിന് വേണ്ടി നിര്‍മിച്ചതാണ് ബി ബി സി പരമ്പരയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ കേട്ടറിവ് വെച്ചും അതുകണ്ട സഹപ്രവര്‍ത്തകരുടെ വിശദീകരണം ആധാരമാക്കിയുമാണ് തന്റെ പ്രതികരണമെന്ന് ബഗ്ചി പറഞ്ഞു. ഏകപക്ഷീയതയും ലക്ഷ്യമില്ലായ്മയും കൊളോണിയല്‍ മനഃസ്ഥിതിയും ഡോക്യുമെന്ററിയില്‍ കാണാം. ഇതിന് പിന്നിലെ അജന്‍ഡ വ്യക്തമാണെന്നും അത്തരം ശ്രമങ്ങളെ പ്രതികരണം കൊണ്ട് മഹത്തരമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മോദിയെ ഇങ്ങനെ ചിത്രീകരിക്കുന്നതിനെ താന്‍ പിന്താങ്ങുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഹിംസാത്മക പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷ് സര്‍ക്കാര്‍ സഹിക്കില്ലെന്നും എന്നാല്‍ മോദിയെ പോലെ മാന്യനായ ഒരാളെ ഇത്തരത്തില്‍ അവതരിപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സുനക് പറഞ്ഞു. പാര്‍ലിമെന്റില്‍ പാക് വംശജനായ എം പി ഇംറാന്‍ ഹുസൈന്റെ ചോദ്യത്തിന് സുനക് ഇങ്ങനെ മറുപടി നല്‍കിയത്.
2002ലെ ഗുജറാത്ത് വംശഹത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച അന്വേഷണ സംഘത്തിലെ അംഗങ്ങളെ അധികരിച്ച് ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററിയിലുണ്ട്. ചൊവ്വാഴ്ചയാണ് ഈ ഡോക്യുമെന്ററി ബി ബി സി പ്രസിദ്ധീകരിച്ചത്. ദി മോദി ക്വസ്റ്റ്യന്‍സ് എന്ന ശീര്‍ഷകത്തിലുള്ള ഡോക്യുമെന്ററി യുട്യൂബ് കഴിഞ്ഞ ദിവസം നീക്കം ചെയ്തെങ്കിലും ഇന്ന് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അക്രമികള്‍ക്ക് ശിക്ഷയുണ്ടാകില്ല എന്ന പൊതുബോധമാണ് ഇത്രവലിയ അക്രമത്തിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഈയൊരു പൊതുബോധത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയായിരുന്നെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്. സംഘത്തിന്റെ റിപ്പോര്‍ട്ട് യു കെ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകര്‍ യാത്രക്കാരായിരുന്ന ട്രെയിന്‍ ബോഗി ഗോധ്ര സ്‌റ്റേഷനില്‍ വെച്ച് തീപിടിക്കുകയും നിരവധി പേര്‍ പേര്‍ മരിക്കുകയും ചെയ്തു. മുസ്ലിംകളാണ് ഇത് ചെയ്തത് എന്ന് ആരോപിച്ചാണ് 2002 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി ഗുജറാത്തില്‍ വംശഹത്യ അരങ്ങേറിയത്. 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.