Kerala
കേന്ദ്രത്തിന്റേത് ജനാധിപത്യത്തിനെതിരായ യുദ്ധം; പ്രതിപക്ഷ ഐക്യം പ്രതീക്ഷാവഹം: മന്ത്രി എംബി രാജേഷ്
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ കൂടെയാണോ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണെന്ന് മന്ത്രി എംബി രാജേഷ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുന്നു എന്നത് പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. ഇന്നലെ ഈ വിഷയത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് എംപിമാര്‍ മുങ്ങി എന്ന് റിപ്പോര്‍ട്ട് ഉണ്ട്. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന സിപിഎം ന്റെ എംപിമാര്‍ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷത്തെ അന്വേഷണ ഏജന്‍സികളെ വെച്ച് വേട്ടയാടുന്നു എന്നാണ് പ്രമേയം ഇറക്കിയത്.എന്നാല്‍ ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം വേണമെന്ന് വിഡി സതീശന്‍ പറയുന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ഇതേ ആവശ്യമാണ് മുന്നോട്ട് വെച്ചത്. പ്രകാശ് ജാവ്‌ദേക്കറിന്റെ മെഗാ ഫോണ്‍ ആവുകയാണ് വി ഡി സതീശന്‍.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ കൂടെയാണോ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.