Connect with us

book review

നിണമണിഞ്ഞ ചാലിയാർ ഗാഥകൾ

ഏറനാടിന്റെ ചാലിയാർ തീരത്ത് കോഴിക്കോടിനോട് അതിരിട്ടു നിൽക്കുന്ന മലയോര പ്രദേശങ്ങളിൽ 1921ലെ സമരം എങ്ങനെ സ്വാധീനിച്ചു എന്ന് അന്വേഷിച്ചു കണ്ടെത്തിയ സത്യങ്ങൾക്ക് ഭാവനയുടെ സർഗാത്മകതയിൽ മെനഞ്ഞെടുത്ത നോവൽ ഭാഷ്യം.

Published

|

Last Updated

ണ്ണിയാലൊടുങ്ങാത്ത രചനകൾക്ക് പിറവിയൊരുക്കിയ മഹാപ്രസ്ഥാനമായിരുന്നു 1921 ലെ മലബാർ കലാപം. അഥവാ മാപ്പിളലഹള. അതിന്റെ അതിപ്രധാനമായ പല സംഭവങ്ങൾക്കും വേദിയായിരുന്ന ചാലിയാർ തീരവും ചെക്കുന്നൻ മലയുടെ താഴ്്വാരവും സമ്മിശ്രമായി സമ്മേളിച്ച കാൽപന്തു ലഹരിയുടെ നാട് കൂടിയായ അരീക്കോട്ടും പ്രാന്തപ്രദേശങ്ങളിലും 1921 ഉണ്ടാക്കിയ ഐതിഹാസിക മുന്നേറ്റത്തിന്റെ ആവിഷ്്കാരമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഇബ്രാഹിം മൂർക്കനാടിന്റെ “അറിഞ്ഞതിനപ്പുറം’ എന്ന നോവൽ.

ഈ ഭാഗങ്ങളിൽ മാപ്പിളമാർക്കൊപ്പം, കീഴാള വിഭാഗമായ കണക്കൻ സമുദായത്തിൽപ്പെട്ടവരും പ്രധാന പങ്കുവഹിച്ച 1921 ലെ പോരാട്ട കഥകൾ ഇവരുടെയൊക്കെ സംസാരഭാഷയുടെ തനിമ ഒട്ടും ചോരാതെയാണ് നോവലിൽ ഇതൾവിരിയുന്നത്. അതു കൊണ്ടുതന്നെ ഇന്ന് അന്യം നിന്നുപോയ ഒരു ഭാഷയുടെ പുനരാവിഷ്്കാരവും നോവലിൽ നടക്കുന്നുണ്ട്. ഇതിലെ സമരനായകരായ മൂർക്കനാട്ടെ ഉണ്ണിമൊയ്തീൻ കുരിക്കളും വടക്കുംമുറിയിലെ കിഴക്കേതൊടി അഹമ്മദ് കുട്ടിയും നേതൃത്വം നൽകിയ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഇതിനുമുമ്പ് രചിക്കപ്പെട്ട ഒരു കൃതിയിലും രേഖപ്പെടുത്തപ്പെട്ടില്ലെന്നതിന്റെ ചരിത്രപരമായ കുറവു നികത്തൽ കൂടിയാണ്.

ഇവർക്കൊപ്പം പോരാട്ടത്തിന് വീര്യം പകർന്ന കാൽപന്തിന്റെ ഈറ്റില്ലമായ തെരട്ടമ്മൽ പള്ളി ഖാസിയായിരുന്ന ഇബ്രാഹിം കുട്ടി മുസ്്ലിയാർ, കണക്ക വിഭാഗത്തിലെ കാക്കപ്പെണ്ണ്, നാഗങ്കുട്ടി, പോരാളി അയമുട്ടിയുടെ ഉമ്മ കൗസു, കുരിക്കളുടെ ഭാര്യ കുഞ്ഞോള് തുടങ്ങിയവരുടെ ധീരതയും പലയിടത്തായി അടയാളപ്പെടുന്നു.

അരീക്കോട് ഭാഗത്ത് വിവിധ മതത്തിൽപ്പെട്ടസാമ്പത്തിക ശേഷിയുള്ളവരും പ്രമാണിമാരും ഇവരെ ആശ്രയിച്ചു ജീവിക്കുന്ന ഭൂരിപക്ഷം പേരും ഖിലാഫത്തിന്റെ ബദ്ധവൈരികളായിരുന്നു എന്നാണ് പുസ്തകം പറയുന്നത്. ജന്മിയായ കല്ലുവെട്ടികുഴിയിൽ അഹമ്മദ് കുട്ടി, സമ്പന്ന കുടുംബമായ മൂർഖൻ തറവാട്ടിലെ മമ്മത് എന്നിവരെ ഉദാഹരണമായി പ്രത്യേകം എടുത്തുദ്ധരിക്കുന്നു. കൊഴക്കോട്ടൂരിലെ ആറ്റുപുറം ഇല്ലത്തെ മാധവൻ നമ്പൂതിരിയും സമരക്കാരോട് എടുത്ത സമീപനം നിസ്സഹകരണത്തിന്റെതായിരുന്നു.

ഊർങ്ങാട്ടിരി നടുവത്തേടത്ത് ഇല്ലത്ത് ഖിലാഫത്തിന്റെ യഥാർഥ വക്താക്കൾ അറിയാതെ ഒരു വിഭാഗം ലഹളക്കാർ നടത്തിയ പ്രവൃത്തികൾ വലിയൊരു ചരിത്രദൗത്യത്തിനേറ്റ കളങ്കമായി നോവൽ ഓർമപ്പെടുത്തുന്നു.

സമരം വഴിതെറ്റിയതും അതിന്റെ മറവിൽ ബ്രിട്ടീഷുകാരുടെ വേട്ടയാടലിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെയുമായപ്പോൾ ധീരനായ അയമുട്ടി കീഴടങ്ങാൻ തീരുമാനിച്ച് ഭാര്യ കദീസുവിനോട് നടത്തുന്ന ഏറ്റുപറിച്ചിലുകൾ ശരിക്കും ഈ നോവൽ പങ്കുവെക്കുന്ന സത്യത്തോടടുക്കുന്ന സന്ദേശങ്ങളായി കരുതണം.

ചരിത്രത്തെ തൊട്ടും തലോടിയും ഭാവനയുടെ തേരോട്ടത്തിൽ ചാലിയാർ തീരങ്ങളിലും ചെക്കുന്നൻ മലകളിലും താഴ്്വാരങ്ങളിലും നടന്ന ഐതിഹാസികമായ പോരാട്ടത്തെ വരച്ചുകാട്ടുന്നതിൽ വിജയിച്ച നോവലിന്റെ അവസാനത്തിൽ കുരിക്കൾ എന്ന യഥാർഥ നായകന്റെ ധൈര്യത്തേയും സ്ഥൈര്യത്തേയും അടയാളപ്പെടുത്തുന്നു.നോവൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ പ്രധാനമായത് ഒരു ജനതയുടെ സ്വാതന്ത്ര്യ ദാഹം പൂണ്ട ഇച്ഛാശക്തിയും അനീതിക്കെതിരെ അവർ ഉയർത്തിപ്പിടിച്ച സമരങ്ങളുടെ ശക്തി, സൗന്ദര്യ ചിന്തകളുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു.

എല്ലാ കണക്ക വിഭാഗത്തിലെ പെണ്ണുങ്ങൾക്കും മാറ് മറയ്ക്കാൻ കുപ്പായമിടീക്കൽ സമരം തുടങ്ങാനുള്ള ഉണ്ണി മൊയ്തീൻ കുരിക്കൾ അസൂത്രണം ചെയ്ത പദ്ധതി ജന്മിത്വത്തിനെതിരെയുള്ള ശക്തമായൊരായുധമാക്കാൻ സാധിച്ച ചരിത്രം നോവൽ രേഖപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.
രചനക്ക് ഉപയോഗിച്ച ഭാഷയാണ് ഈ നോവലിലെ വേറിട്ടു നിർത്തുന്ന ഒരു ഘടകം. “ആ ഇപ്പച്ചാളെ മനസ്സിലായി, ജഗളാന്നുംപറഞ്ഞ്, കൊജജാൻ ബെഗ്ഗി (കൊയ്യാൻ വൈകിയെന്നർഥം) തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ പുതിയ തലമുറക്ക് തർജമ ആവശ്യപ്പെടുന്നതുകൂടിയാണ്.

ഏറനാടിന്റെ ചാലിയാർ തീരത്ത് കോഴിക്കോടിനോട് അതിരിട്ടു നിൽക്കുന്ന മലയോര പ്രദേശങ്ങളിൽ 1921ലെ സമരം എങ്ങനെ സ്വാധീനിച്ചുഎന്ന് അന്വേഷിച്ചു കണ്ടെത്തിയ സത്യങ്ങൾക്ക് ഭാവനയുടെ സർഗാത്മകതയിൽ മെനഞ്ഞെടുത്ത നോവൽ ഭാഷ്യമാണ് “അറിഞ്ഞതിനപ്പുറം’ എന്ന ഇബ്രാഹിം മൂർക്കനാടിന്റെ നോവൽ.

ഇത് ചരിത്ര സത്യങ്ങൾ മാത്രമല്ല. ചരിത്ര നിഷേധവുമല്ല. മാപ്പിളലഹളയെന്നറിയപ്പെട്ട 1921 ന്റെ മഹത്വവത്കരണവുമല്ല. കലാപത്തിന്റെ വികലമാക്കപ്പെട്ട അവതരണവുമല്ല. സംഭവിച്ച കാര്യങ്ങളിലെല്ലാമുള്ള ശരിയും തെറ്റും മാർഗങ്ങളുടെ പ്രായോഗികതയേക്കാൾ അപ്രായോഗികതയും അത് സൃഷ്ടിച്ച ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഇതിലുണ്ട്. അതേസമയം, 1921ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ മാപ്പിളമാർക്കൊപ്പം നിന്ന് പോരാടിയ കണക്ക സമുദായത്തിൽപ്പെട്ടവർ വഹിച്ച പങ്കും വിശദമായി അടയാളപ്പെടുന്നതും ഈ കൃതിയിലാകും. ആ അർഥത്തിലെല്ലാം ശരിക്കും വേറിട്ടുനിൽക്കുന്നു ഇബ്രാഹിം മൂർക്കനാടിന്റെ ” അറിഞ്ഞതിനപ്പുറം’ എന്ന 244 പേജുകളിൽ കുറിക്കപ്പെട്ടിരിക്കുന്ന നോവൽ എന്നതാണ് വസ്തുത. പ്രസാധനം: മാക്ബെത്ത് പബ്ലിക്കേഷൻസ്, വില 450 രൂപ.

Latest