articles
നിസ്സാരമാകില്ല വെല്ലുവിളികള്‍
തങ്ങളുടെ കോര്‍പറേറ്റ്, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിനുള്ള വലിയ ഭീഷണിയായി എന്‍ ഡി എയിലെ സഖ്യകക്ഷികള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ബി ജെ പിയെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല 18ാം ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ "ഇന്ത്യ' മുന്നണിയുടെ മുന്നേറ്റം കോര്‍പറേറ്റ്, വര്‍ഗീയ അജന്‍ഡക്കെതിരായ വലിയ പ്രതിരോധമായി മാറും. പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഇനിയുള്ള കാലം അത്ര നിഷ്‌ക്രിയമായിരിക്കില്ല.
മൂന്നാം മോദി സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ തൂക്കുമന്ത്രിസഭയെന്ന നിലയിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കോര്‍പറേറ്റ്, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് വലിയ വെല്ലുവിളി മുന്നിലുണ്ട്. മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമ്മര്‍ദവും ആവശ്യവും സഖ്യ കക്ഷികളില്‍ നിന്ന് തന്നെ ഉയര്‍ന്നുവരുന്ന സാഹചര്യവുമുണ്ട്.
18ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മോദിയെന്ന ഏകാധിപതിയുടെ പതനം ഉറപ്പുവരുത്തുന്നതും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രത്യാശാഭരിതമായ സൂചന നല്‍കുന്നതുമാണെന്ന് നാം കണ്ടതാണ്. ഒരു സ്വേച്ഛാധിപതിയെയും ഇന്ത്യന്‍ ജനത പൊറുപ്പിക്കില്ലെന്ന 1977ലെ ജനവിധിയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇസ്‌ലാമോഫോബിയ വളര്‍ത്തിയും വ്യാജനിര്‍മിതിയിലൂടെ മോദിയെന്ന വികാസ പുരുഷനെ ഇറക്കിയും 2014 മുതല്‍ ദേശീയാധികാരത്തിലെത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്‍മടക്കത്തെക്കൂടിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അടിവരയിടുന്നത്.
മോദി പ്രഭാവത്തെ പരമാവധി ബൂസ്റ്റ് ചെയ്ത് 400 സീറ്റുകള്‍ പിടിക്കാനാണ് ബി ജെ പി പ്രചാരകര്‍ ശ്രദ്ധിച്ചത്. മോദി തന്നെ “മോദി ഗ്യാരന്റി’ എന്ന് ഓരോ പ്രചാരണ യോഗങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. പക്ഷേ, ആദ്യഘട്ട പോളിംഗ് കഴിഞ്ഞപ്പോഴേക്കും മോദി പ്രഭാവം ഇല്ലാതായിത്തുടങ്ങിയെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയ ആള്‍ മോദി തന്നെ ആയിരുന്നു. മോദി പ്രഭാവം മങ്ങിത്തുടങ്ങിയെന്ന തിരിച്ചറിവില്‍ നിന്നാണ് കടുത്ത വിദ്വേഷ പ്രചാരണത്തിലേക്ക് നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം ചെന്നെത്തുന്നത്. രാജസ്ഥാനിലെ ബെന്‍സാര പ്രസംഗം ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹീനമായ വിദ്വേഷ പ്രചാരണമായിരുന്നു.
ഭരണഘടന ഭേദഗതി ചെയ്യാനും സംവരണവും ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകളുള്‍പ്പെടെ ഭരണഘടനയുടെ സാമൂഹികനീതി തത്ത്വങ്ങളെ അട്ടിമറിക്കാനുമുള്ള ആര്‍ എസ് എസിന്റെ അജന്‍ഡക്ക് സമ്മതി നിര്‍മിക്കാനാണ്, “ഇന്ത്യ’ മുന്നണി അധികാരത്തില്‍ വന്നാല്‍ ഒ ബി സി, എസ് സി-എസ് ടി സംവരണം എടുത്തുകളഞ്ഞ് മുസ്‌ലിംകള്‍ക്ക് നല്‍കും എന്നൊക്കെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പക്ഷേ, ബി ജെ പിയുടെ പിന്നാക്ക, ദളിത്, ന്യൂനപക്ഷവിരുദ്ധ അജന്‍ഡക്കും സാമൂഹികനീതിയെ അട്ടിമറിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ “ഇന്ത്യ’ മുന്നണിയിലെ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ തന്നെ ബി ജെ പിക്കെതിരായി പിന്നാക്ക, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയം വലിയ പ്രതിരോധമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമാജ് വാദി പാര്‍ട്ടിക്ക് കഴിഞ്ഞു.
ഇതിന്റെ ഫലമായാണ് ബി ജെ പിക്ക് നിലവിലുണ്ടായിരുന്ന സീറ്റുകളില്‍ 63 എണ്ണം നഷ്ടപ്പെട്ടതും 240 സീറ്റിലൊതുങ്ങേണ്ടിവന്ന ദുര്‍ഗതി ഉണ്ടായതും. ഹിന്ദി ഹൃദയഭൂമിയിലാണ് ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടായത്. കര്‍ഷകദ്രോഹ നയങ്ങളും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന അഗ്നിവീര്‍ തുടങ്ങിയ മോദി സര്‍ക്കാറിന്റെ പദ്ധതികളും ഹിന്ദി ബെല്‍ട്ടില്‍ വലിയ പ്രചാരണ വിഷയമായി. എന്‍ ഡി എയോട് ഒപ്പം ചേര്‍ന്ന് മത്സരിച്ച ടി ഡി പിയും ജെ ഡി യുവും പോലുള്ള റീജ്യനല്‍ പാര്‍ട്ടികള്‍ സംവരണവും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികളെ പ്രധാന വിഷയമാക്കിക്കൊണ്ടാണ് ക്യാമ്പയിനുകള്‍ നടത്തിയത്. അതുകൊണ്ടൊക്കെ തന്നെയാണ് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കാനൊരുങ്ങുന്ന ബി ജെ പിക്ക് ഈ കക്ഷികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കേണ്ടി വന്നിരിക്കുന്നത്.
ബി ജെ പി തങ്ങളുടെ സ്വപ്‌നപദ്ധതിയായി കൊണ്ടാടിയ അഗ്നിവീര്‍ പിന്‍വലിക്കണമെന്നാണ് തെലുഗുദേശവും ജെ ഡി യുവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേപോലെ ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യത്തെ ബി ജെ പി എങ്ങനെയാണ് നേരിടുകയെന്നത് പുതിയ സര്‍ക്കാറിന്റെ ഭാവിയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളിയാണ്. 2014ലെയും 2019ലെയും പോലെ മോദിയുടെ ഏകാധിപത്യപരമായ ഇടപെടലുകള്‍ക്ക് ഇനി എന്‍ ഡി എ ഘടകകക്ഷികള്‍ വഴങ്ങിക്കൊടുക്കുമെന്ന് തോന്നുന്നില്ല. മോദിയുടെ മൂന്നാം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകണമെങ്കില്‍ ടി ഡി പിയുടെയും ജെ ഡി യുവിന്റെയും ആവശ്യങ്ങള്‍ അംഗീകരിക്കുകയോ സമവായത്തിലെത്തുകയോ വേണ്ടിവരും.
തങ്ങളുടെ കോര്‍പറേറ്റ്, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിനുള്ള വലിയ ഭീഷണിയായി എന്‍ ഡി എയിലെ സഖ്യകക്ഷികള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ബി ജെ പിയെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 12 എം പിമാരുള്ള ജെ ഡി യുവിനെയും 16 എം പിമാരുള്ള ടി ഡി പിയെയും പിണക്കി ഒരു ഭരണം കൊണ്ടുപോകാനിനി മോദിക്കാവില്ല. എന്നുമാത്രമല്ല 18ാം ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ “ഇന്ത്യ’ മുന്നണിയുടെ മുന്നേറ്റം കോര്‍പറേറ്റ്, വര്‍ഗീയ അജന്‍ഡക്കെതിരായ വലിയ പ്രതിരോധമായി മാറും. പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഇനിയുള്ള കാലം അത്ര നിഷ്‌ക്രിയമായിരിക്കില്ല. ബി ജെ പി അജന്‍ഡക്ക് ഏറ്റവും ശക്തമായ പ്രഹരമേല്‍പ്പിക്കുന്ന ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്‍ ഡി എയിലെ ഘടകകക്ഷികള്‍ക്കൊപ്പം പ്രതിപക്ഷവും ശക്തമായ രാഷ്ട്രീയ പ്രശ്നമാക്കി ഉയര്‍ത്താനാണ് സാധ്യത.
ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ എസ് എസ് അജന്‍ഡക്കും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കുമെതിരായ ജനവിധിയാണ് 18ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. 400 സീറ്റുകള്‍ നേടി ഭരണഘടനയെ തന്നെ അട്ടിമറിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് അജന്‍ഡയെയാണ് ഹിന്ദി ഹൃദയഭൂമിയിലെ വിവേകശാലികളായ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അത് സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ തിരഞ്ഞെടുപ്പ് ഫലമാണെന്ന് വിലയിരുത്താം.
മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകര്‍ത്ത് സാംസ്‌കാരിക ദേശീയതയുടെ ഏകാത്മകതയിലേക്ക് രാജ്യത്തെ വിലയിപ്പിച്ചെടുക്കാനുള്ള മോദി ഭരണത്തിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. 2019ല്‍ 353 സീറ്റ് നേടിയ എന്‍ ഡി എക്ക് ഇത്തവണ 292 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ബി ജെ പിക്ക് ഒറ്റക്ക് കഴിഞ്ഞ തവണ 303 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇത്തവണ 240 സീറ്റ് മാത്രമാണ് ലഭിച്ചത്. അതായത് ബി ജെ പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയെ ഇന്ത്യയിലെ വോട്ടര്‍മാര്‍ ഇല്ലാതാക്കി. അതാണ് 18ാം ലോക്സഭാ തിരഞ്ഞെടുപ്പിനെ ചരിത്രപരവും മതനിരപേക്ഷ ശക്തികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരവുമാക്കിയിരിക്കുന്നത്.
രാമക്ഷേത്രത്തെ പ്രാണപ്രതിഷ്ഠയിലൂടെ ഈ തിരഞ്ഞെടുപ്പില്‍ വലിയ വൈകാരിക വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മോദിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍ പ്രദേശിലും അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദിലും ബി ജെ പിക്ക് കനത്ത തിരിച്ചടി തന്നെ നേരിടേണ്ടിവന്നു. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും അഭിനന്ദനീയമായ വിജയം അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അവതേഷ്‌കുമാറിന്റെ വിജയമാണ്. രാമക്ഷേത്രം അടങ്ങുന്ന ഫൈസാബാദടക്കം അയോധ്യ മേഖലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പി പരാജയപ്പെട്ടു.
ഫൈസാബാദിന് പുറമെ സുല്‍ത്താന്‍പൂര്‍, ബസ്തി, അംബേദ്കര്‍ നഗര്‍, സാവസ്തി എന്നീ മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കൗതുകകരമായ കാര്യം സാവസ്തി മണ്ഡലത്തില്‍ രാമക്ഷേത്രനിര്‍മാണ കമ്മിറ്റിയുടെ അധ്യക്ഷന്‍ നൃപേന്ദ്ര മിശ്രയുടെ മകന്‍ സാകേത് മിശ്രയാണ് തോറ്റതെന്നതാണ്. അയോധ്യ ഉള്‍ക്കൊള്ളുന്ന യു പി മേഖലയില്‍ ബി ജെ പിക്ക് ജയിക്കാന്‍ കഴിഞ്ഞത് കൈസര്‍ഗഞ്ച്, ഗോണ്ട, ഡൊമരിയഗഞ്ച്, ബഹറേച് സീറ്റുകളില്‍ മാത്രമാണ്. മോദി മത്സരിച്ച വാരാണസി മേഖലയിലെ 12 സീറ്റുകളില്‍ ഒമ്പതെണ്ണത്തിലും ബി ജെ പി പരാജയപ്പെട്ടു. വാരാണസിയില്‍ 2019ല്‍ അഞ്ച് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മോദിക്ക് ഇത്തവണ ലഭിച്ചത് ഒന്നേമുക്കാല്‍ ലക്ഷം ഭൂരിപക്ഷം മാത്രമാണ്. മാത്രമല്ല ഹിന്ദുത്വത്തിന്റെ വംശീയ യുദ്ധങ്ങള്‍ ചോരക്കളമാക്കിയ മണിപ്പൂരിലെ രണ്ട് ലോക്സഭാ സീറ്റുകളും “ഇന്ത്യ’ മുന്നണിക്ക് ലഭിച്ചു എന്നതും എടുത്തുപറയേണ്ടതാണ്.
ബി ജെ പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്തവിധം “ഇന്ത്യ’ മുന്നണി നേതാക്കള്‍ ടി ഡി പിയുടെയും ജെ ഡി യുവിന്റെയും നേതൃത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന നീക്കങ്ങള്‍ താത്കാലികമായി ഫലം കണ്ടിട്ടില്ല. ഉത്തരവാദപ്പെട്ട ഒരു പ്രതിപക്ഷമെന്ന നിലക്ക് തങ്ങള്‍ കാര്യങ്ങളെ നിരീക്ഷിക്കുകയാണെന്നാണ് “ഇന്ത്യ’ മുന്നണി നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. മോദി വീണ്ടും അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനുള്ള മതനിരപേക്ഷ പ്രതിരോധത്തിന്റെ ഭാഗമായി എന്‍ ഡി എയോടൊപ്പം നില്‍ക്കുന്ന ഘടകകക്ഷികളെ “ഇന്ത്യ’ മുന്നണിക്കൊപ്പം കൊണ്ടുവരാനുള്ള മുന്‍കൈകള്‍ തുടരേണ്ടതുണ്ട്.
പ്രാണപ്രതിഷ്ഠ തൊട്ട് ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന വൈകാരിക വിഷയങ്ങള്‍ക്കപ്പുറം നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സമരോത്സുകമായ രാഷ്ട്രീയ പ്രശ്നമാക്കി വളര്‍ത്തിയെടുത്തതില്‍ ഇടതുപക്ഷത്തിനും പങ്കുണ്ട്. 2018 മാര്‍ച്ച് 12ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തിലാരംഭിച്ച ലോംഗ് മാര്‍ച്ചും തുടര്‍ന്ന് ഉത്തര-പശ്ചിമേന്ത്യയിലാകെ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങളുമാണ് മോദി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം രൂപപ്പെടുത്തിയെടുത്തത്. കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന കിസാന്‍സഭാ നേതാവ് അമ്രാറാം രാജസ്ഥാനിലെ സിക്കറില്‍ നിന്ന് 72,896 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 18ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.