Connect with us

ആത്മായനം

നന്ദിപ്രകടനത്തിന്റെ രസതന്ത്രം

നമ്മോടിടപഴകാനും നന്മകൾ പങ്കു വെക്കാനും മറ്റുള്ളവർക്കു മുമ്പിൽ തുറന്നിടുന്ന വാതിലാണ് നന്ദി പ്രകടനം.അവനൊന്നും ഒരുപകാരവും ചെയ്തിട്ട് കാര്യമില്ല എന്ന് പറയിപ്പിക്കുന്ന തരത്തിലാകരുത് നമ്മുടെ ജീവിതം.

Published

|

Last Updated

കോളജിലേക്കുള്ള യാത്രക്കിടെ വാഹനത്തിനൊരു വിദ്യാർഥി കൈകാട്ടി. ഞാൻ പതിയെ വണ്ടിയൊതുക്കി നിർത്തി. രണ്ടോ മൂന്നോ കിലോമീറ്റർ കഴിഞ്ഞപ്പോൾ അവനിറങ്ങേണ്ട സ്ഥലമെത്തി. വണ്ടി നിർത്തി, അവനിറങ്ങി, ഒരു വാക്ക് പോലും പറയാതെ അവൻ പോയി. തിരക്കിട്ട എന്തോ ചെയ്യാനുള്ളത് കൊണ്ടാവും ഒരു നന്ദി വാക്ക് പറയാൻ പോലും അവന് സമയം കിട്ടാതിരുന്നത്.

കൂട്ടരേ… നമ്മെ എത്ര പേർ ദിനേന സഹായിക്കുന്നുണ്ട്. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും അധ്യാപകരും കൂട്ടുകാരും നാട്ടുകാരും പരിചിതരും അപരിചിതരുമായി നിരവധി പേരുണ്ട് അക്കൂട്ടത്തിൽ. ഇവർക്കൊക്കെയും നാം എന്താണ് തിരിച്ചുകൊടുത്തത്? അവരോടൊക്കെയും കൃതജ്ഞതയുള്ള മനസ്സാണോ നമുക്കുള്ളത്? ജനത്തോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവോടും നന്ദിയില്ലാത്തവനാണെന്ന തിരുദൂതരുടെ (സ) പാഠം ഏറെ ഗൗരവത്തിലെടുക്കണം. ഉപകാരം ചെയ്തവർക്ക് നന്ദി പ്രകാശിപ്പിക്കുകയെന്നത് ശ്രേഷ്ഠ സംസ്കാരത്തിന്റെ ഭാഗമാണ്. സ്തുത്യർഹനാകാൻ കാരണമാകുന്ന ഏത് കാര്യത്തിനും ഏതൊരാൾക്കും കഴിവ് കൊടുത്തത് അല്ലാഹുവാണെന്നിരിക്കെ ഈ നന്ദി പ്രകാശനം ആത്യന്തികമായി അല്ലാഹുവോടുള്ള നന്ദി പ്രകാശനം തന്നെയാണ്. സർവസ്തുതികൾക്കും അർഹൻ അല്ലാഹു മാത്രമാണ്.

അറിവ് പകർന്നു തന്നവരോടും നമ്മെ വളർത്താൻ പാടുപെട്ടവരോടും വഴി പറഞ്ഞു തന്നവരോടും ദുഃഖങ്ങളിൽ കൂടെ നിന്നവരോടും ഉപദേശങ്ങൾ നൽകിയവരോടും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരോടുമെല്ലാം നന്ദിയുണ്ടാകണം. നന്ദി, വാക്കിനാലും പ്രവർത്തനത്താലും പ്രകടിപ്പിക്കണം. വല്ലവർക്കും ആരെങ്കിലും മുഖേന വല്ല പ്രയോജനവും ഉണ്ടായാൽ അത് ചെയ്തു തന്നവനോട് നിനക്ക് അല്ലാഹു മികച്ചതിനെ പ്രതിഫലമായി തരട്ടെ ( ജസാക്കല്ലാഹു ഹൈറ ) എന്ന് പറഞ്ഞാൽ അവൻ നന്ദി പ്രകടനത്തെ വേണ്ട വിധം നിർവഹിച്ചു എന്ന ഹദീസ് ആ ആശയത്തെയാണ് പ്രകാശിപ്പിക്കുന്നത്. നന്മ ചെയ്യാനുള്ള പ്രചോദനത്തെയും അല്ലാഹുവിലുള്ള വിശ്വാസത്തെയും നന്ദി ബോധത്തെയും ഉണർത്തലാണ് ഈ പ്രാർഥനാ വാക്യത്തിലൂടെ സംഭവിക്കുന്നത്.

ഒരാൾ പ്രയോജനമുള്ള വല്ലതും കൊണ്ടുതന്നാൽ പറ്റുമെങ്കിൽ പകരമായി മറ്റൊന്നു നൽകണമെന്നാണ് തിരുനബി (സ) ഉണർത്തിയത്. പകരം നൽകാൻ ഒന്നുമില്ലെങ്കിൽ തന്നതിനെ നന്ദിപൂർവം പ്രശംസിക്കാനും അഭിനന്ദിക്കാനും നമ്മളൊരുക്കമാകണം. “അങ്ങനെ പ്രശംസിച്ചവൻ നന്ദിയുള്ളവനത്രേ, ഒരു വാക്ക് പോലും പറയാത്തവൻ നന്ദികെട്ടവനും’ എന്ന് നബി(സ) അരുളിയിട്ടുണ്ട്. നമ്മോടിടപഴകാനും നന്മകൾ പങ്കു വെക്കാനും മറ്റുള്ളവർക്കു മുമ്പിൽ തുറന്നിടുന്ന വാതിലാണ് നന്ദി പ്രകടനം. അവനൊന്നും ഒരുപകാരവും ചെയ്തിട്ട് കാര്യമില്ല എന്ന് പറയിപ്പിക്കുന്ന തരത്തിലാകരുത് നമ്മുടെ ജീവിതം.

നന്ദി പറയാനും അഭിനന്ദിക്കാനും സമ്മാനങ്ങൾ നൽകാനും മടിക്കുന്ന ചിലരുണ്ട്. സ്റ്റാറ്റസ് വീണുടഞ്ഞ് പോകുമോ എന്ന ഭയമാണ് അവരിൽ പലർക്കും. ഇവകൊണ്ടൊന്നും നമ്മൾ ചെറുതാവുകയല്ല, മികവുള്ളവരായിത്തീരുകയാണ് ചെയ്യുന്നത്. സദ്സ്വഭാവിയുടെ അടയാളങ്ങളാണത്. നിങ്ങൾ അഭിവാദനം ചെയ്യപ്പെട്ടാൽ അതിനേക്കാൾ മികച്ച പ്രത്യഭിവാദനം നിങ്ങൾ ചെയ്യണം. ചുരുങ്ങിയത് അതിന് സമാനമെങ്കിലും ചെയ്യണമെന്ന സൂറ നിസാഅ് നൽകുന്ന പാഠം നമ്മളീ പറഞ്ഞതിന്റെയൊക്കെ നാരായവേരാണ്. പാരസ്പര്യങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളെ ഉരുക്കി ക്കളയാനുള്ള ശേഷി നന്ദിയായും പ്രചോദനങ്ങളും അഭിനന്ദനങ്ങളായും നമ്മൾ പങ്കിടുന്ന വാക്കുകൾക്കുണ്ട്.

പരസ്പരമുള്ള വിദ്വേഷങ്ങളെ അത് ഉന്മൂലനം ചെയ്യും. നബി (സ) യിൽ നിന്ന് ആഇശ (റ) രേഖപ്പെടുത്തിയ ഹദീസ് അതാണ് പങ്കുവെക്കുന്നത്. നബി (സ) പറഞ്ഞു “നിങ്ങൾ പരസ്പരം സമ്മാനങ്ങൾ നൽകുക. തീർച്ചയായും സമ്മാനങ്ങൾ വെറുപ്പുകളെ പോക്കികളയും’. നല്ല വാക്കും മികച്ച സമ്മാനം തന്നെയാണ്. ചിലപ്പോൾ നമ്മൾ സമ്മാനമായി കൊടുക്കുന്ന ഒരു വസ്തുവിനേക്കാൾ പ്രചോദനവും വെളിച്ചവും തുറവിയും നല്ല വാക്കുകൊണ്ട് സാധ്യമായേക്കും.

നമുക്കേറെ ഉപകാരങ്ങൾ ചെയ്തു തരുന്നവരിൽ നിന്ന് അറിയാതെ സംഭവിച്ച ചെറിയ താളപ്പിഴവുകളിൽ വിറളിപിടിക്കുന്നവരുണ്ട്. കറിയിൽ ഉപ്പ് കുറഞ്ഞതിന് /കൂടിയതിന് ഭാര്യയോട് തട്ടിക്കയറുന്നവർ, ഏതോ തിരക്കിനിടെ അങ്ങാടിയിൽ നിന്ന് സാധനം വാങ്ങാൻ മറന്നതിന് ഭർത്താവിനോട് കയർക്കുന്നവർ, ചെയ്ത പണിയിലെ പെർഫെക്്ഷൻ വേണ്ടപോലെ ആകാത്തതിൽ സേവകരോട് ചൂടാകുന്നവർ തുടങ്ങി അവരൊക്കെയും ചെയ്ത ഉപകാരങ്ങളെ ഒട്ടും വകവെക്കാതെ ചെറിയ പാകപ്പിഴവുകളെ പർവതീകരിച്ച് പാരസ്പര്യത്തിന് വിള്ളലുണ്ടാക്കുന്നവർ പക്വതയില്ലാത്തവരാണ്.

പകരം “മറന്നതാകുമല്ലേ… സാരമില്ല’, “രുചിയുണ്ട്… ഇത്തിരി ഉപ്പ് കൂടിയുണ്ടെങ്കിൽ പഷ്ടായി’ “കുഴപ്പല്ല, അടുത്ത തവണ ഉഷാറാക്കാം’ എന്നിങ്ങനെ ഈ പ്രശ്നങ്ങളെ മുഴുക്കെ നമുക്കെളുപ്പം പരിഹരിക്കാനും സന്തോഷം വീണു ചിതറാതെ സംരക്ഷിക്കാനും കഴിയും . വീഴ്ചകളുടെ പേരിൽ ഭാര്യമാരോടോ സേവകന്മാരോടോ കയർത്തു സംസാരിക്കുന്ന രീതി തിരുനബിക്കില്ലായിരുന്നു. തിരുത്തേണ്ടത് പതിയെ വേദനിപ്പിക്കാതെ തിരുത്തുകയായിരുന്നു അവിടുത്തെ ശൈലി. റസൂൽ (സ) നന്മകളെ പ്രചോദിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. “ഇതു കൂടി ചെയ്താൽ മെച്ചപ്പെടും’ എന്ന് കൂട്ടിച്ചേർത്തു. ഉപകാരങ്ങൾ ചെയ്തു കൊടുത്തവർക്കൊക്കെയും ഹദ്‌യ യോ പ്രാർഥനയോ നല്ല വാക്കോ തിരിച്ചുകൊടുത്ത ആ പ്രശോഭിത ജീവിതം തന്നെയാണ് നമുക്കും പകർത്താനുള്ളത്.

Latest