world sight day
കാഴ്ചയുടെ രസതന്ത്രം
അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. അറിവ് നേടുന്നതിന് സഹായിക്കുന്ന ജ്ഞാനേന്ദ്രിയമാണ് കണ്ണ്. കണ്ണുകള്‍ തലയോട്ടിയിലെ നേത്രകോടരത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
കണ്ണിന്റെ മുന്‍ഭാഗത്ത് വൃത്താകൃതിയില്‍ ഗ്ലാസ്സുപോലുള്ള സുതാര്യമായ ഭാഗമാണ് കോര്‍ണിയ. ഇതിന്റെ തുടര്‍ച്ചയായി വെള്ളനിറത്തില്‍ കാണുന്ന ഭാഗമാണ് ദൃഢപടലം. ഇത് കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയാണ്. നേത്രഗോളത്തിന് ആകൃതി നല്‍കുന്നത് ദൃഢതയുള്ള ഈ പടലമാണ്. കോര്‍ണിയയുടെ തൊട്ടുപിന്നില്‍ കാണുന്ന അറയാണ് അക്വസ് അറ. ഇതില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് അക്വസ്ദ്രവം. രക്തത്തില്‍ നിന്ന് വേര്‍തിരിഞ്ഞുണ്ടാകുന്ന ഈ ദ്രവം അതേ അളവില്‍ തന്നെ രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു. ചുറ്റുമുള്ള കലകള്‍ക്ക് പോഷണവും ഓക്സിജനും നല്‍കുന്നത് ഈ ദ്രാവകമാണ്.
കണ്ണിലെ മധ്യപാളിയാണ് രക്തപടലം. രക്തപടലത്തിന് ഇരുണ്ടനിറം കൊടുക്കുന്ന വര്‍ണ വസ്തുവാണ് മെലാനിന്‍. ഇത് കണ്ണില്‍ പ്രവേശിക്കുന്ന അമിതപ്രകാശത്തെ ആഗിരണം ചെയ്യുന്നു. രക്തപടലത്തില്‍ ധാരാളം രക്തലോമികകള്‍ കാണപ്പെടുന്നു. ഇവയാണ് കണ്ണിനാവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത്. ലെന്‍സിന് മുന്നില്‍ മറപോലെ കാണപ്പെടുന്ന ഭാഗമാണ് ഐറിസ്. ഐറിസ്, കട്ടികൂടിയ സീലിയറി പേശികള്‍ വഴി ദൃഢപടലവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പ്രകാശവും കൃഷ്ണമണിയും
പ്രകാശ തീവ്രതക്കനുസരിച്ച് കൃഷ്ണമണിയുടെ വലിപ്പം വ്യത്യാസപ്പെടുന്നു. തീവ്രപ്രകാശത്തില്‍ കൃഷ്ണമണി സങ്കോചിക്കുകയും മങ്ങിയ വെളിച്ചത്തില്‍ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയുടെ സങ്കോചവികാസത്തെ സഹായിക്കുന്നത് വലയപേശികളും റേഡിയില്‍ പേശികളുമാണ്. വലയപേശികള്‍ സങ്കോചിക്കുമ്പോള്‍ കൃഷ്ണമണിയുടെ വലിപ്പം കുറയുന്നു. റേഡിയല്‍ പേശികള്‍ സങ്കോചിക്കുമ്പോള്‍ കൃഷ്ണമണിയുടെ വലിപ്പം കൂടുന്നു.
കണ്ണിലെ ലെന്‍സ് കോണ്‍വെക്സ് ആകൃതിയോടു കൂടിയാണ്. ഇലാസ്തികത ഉള്ള ഒരു പദാര്‍ഥം കൊണ്ടാണ് ലെന്‍സ് നിര്‍മിച്ചിരിക്കുന്നത്. ലെന്‍സിനെ സിലീയറി പേശികളുമായി സ്നായുക്കള്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കണ്ണിനുള്ളില്‍ കാണുന്ന വലിയ അറയാണ് വിട്രിയസ് അറ. ലെന്‍സില്‍ നിന്ന് പ്രകാശം കടന്നു പോകുന്നത് പിന്‍ഭാഗത്തെ വലിയ അറയിലേക്കാണ്. ഇതില്‍ നിര്‍മിച്ചിരിക്കുന്ന അര്‍ധ ഖരാവസ്ഥയിലുള്ള ഒരു പദാര്‍ഥമാണ് വിട്രിയസ് ദ്രവം. ഇതും നേത്രഗോളത്തിന് ആകൃതി നല്‍കുന്നു.
വൈകല്യങ്ങള്‍
നേത്രഗോളത്തിന്റെ ആകൃതിയിലുള്ള വ്യത്യാസം മൂലം ഉണ്ടാകുന്ന നേത്ര വൈകല്യങ്ങളാണ് ഹ്രസ്വ ദൃഷ്ടിയും ദീര്‍ഘ ദൃഷ്ടിയും.
ഹ്രസ്വദൃഷ്ടി
നേത്രഗോളത്തിന്റെ നീളം വര്‍ധിക്കുന്നത് ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നു. ഇത്തരം വൈകല്യമുള്ളവരില്‍ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനക്ക് മുന്നിലായിരിക്കും. ഇത്തരം ആളുകള്‍ക്ക് ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കില്ല. കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് ഈ നേത്ര വൈകല്യം പരിഹരിക്കാം.
ദീര്‍ഘദൃഷ്ടി
നേത്രഗോളത്തിന്റെ നീളം കുറയുന്നത് ദീര്‍ഘദൃഷ്ടിക്ക് കാരണമാകുന്നു. ഇത്തരം ആളുകള്‍ക്ക് ദൂരെയുള്ള വസ്തുക്കളെ കാണാമെങ്കിലും അടുത്തുള്ള വസ്തുക്കളെ കാണാന്‍ സാധ്യമല്ല. കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ഈ വൈകല്യം പരിഹരിക്കാം.
അസ്സിഗ്മാറ്റിസം
കണ്ണിന്റെ ആകൃതി പോലെ തന്നെ കോര്‍ണിയയുടെയോ നേത്രലെന്‍സിന്റെയോ വക്രതയില്‍ ഉണ്ടാകുന്ന വൈകല്യവും കാഴ്ചയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി വസ്തുവിന്റെ പൂര്‍ണമല്ലാത്തതും കൃത്യതയില്ലാത്തതുമായ പ്രതിബിംബം രൂപപ്പെടുന്നു. ഈ അവസ്ഥയാണ് അസ്സിഗ് മാറ്റിസം. അനുയോജ്യമായ സിലിണ്ട്രിക്കല്‍ ലെന്‍സ് ഉപയോഗിച്ച് ഈ വൈകല്യം പരിഹരിക്കാം.
കാഴ്ചയുടെ രസതന്ത്രം
കണ്ണില്‍ വസ്തുക്കളുടെ പ്രതിബിംബം രൂപം കൊള്ളുന്നത് റെറ്റിനയിലാണെന്ന് പറഞ്ഞിരുന്നില്ലേ. ദൃഷ്ടിപടലത്തില്‍ പ്രകാശഗ്രാഹികളായ റോഡ് കോശങ്ങളും കോണ്‍കോശങ്ങളും ഉണ്ട്. റോഡ് കോശങ്ങള്‍ മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നതിനും വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്നു. എന്നാല്‍ കോണ്‍കോശങ്ങള്‍ തീവ്രപ്രകാശത്തില്‍ വസ്തുക്കളെ കാണുന്നതിനും നിറങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്നു.
കാഴ്ച എന്ന അനുഭവം
റെറ്റിനയില്‍ പതിക്കുന്ന ചെറുതും തലകീഴായതുമായ പ്രതിബിംബം നമുക്ക് നിവര്‍ന്നതായും അതേ വലിപ്പത്തിലും കാണാന്‍ സാധ്യമാക്കുന്നത് സെറിബ്രം ആണ്. പ്രകാശഗ്രാഹികളില്‍ പതിക്കുന്ന പ്രകാശം അവയില്‍ രാസമാറ്റം ഉണ്ടാക്കുന്നു. ഈ ഉദ്ദീപനം ആവേഗങ്ങളായി പ്രകാശഗ്രാഹികളില്‍ ആക്സോണുകള്‍ സംയോജിച്ച് നേത്രനാഡിയിലൂടെ കാഴ്ചയെന്ന അനുഭവം യാഥാര്‍ഥ്യമാക്കുന്നു.