Kerala
സ്വയം മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്; നല്ലത് പറയുന്നവര്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഒരു സാമൂഹിക പ്രവര്‍ത്തകന്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പിണറായി വിജയന്‍.
തിരുവനന്തപുരം | രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോടും ശത്രുത പുലര്‍ത്താത്ത നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിഷയാടിസ്ഥാനത്തിലാണ് പലപ്പോഴും അദ്ദേഹം നിലപാട് സ്വീകരിക്കാറ്. സ്വന്തം ശരീരം എത്ര മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. കുടുംബ ബന്ധമുള്ളതുകൊണ്ടല്ല അല്ലാതെ പറയുകയാണ്, ഒരു സാമൂഹിക പ്രവര്‍ത്തകന്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പിണറായി വിജയന്‍. കുടുംബത്തിലായാലും മാതൃകയാക്കേണ്ട വ്യക്തിയാണ് എന്നാണ് തന്റെ അഭിപ്രായം . പതറാതെ നില്‍ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കേഡര്‍മാര്‍ പാര്‍ട്ടിക്ക് മുകളിലല്ലെന്ന് നല്ല ധാരണയുള്ളയാളാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ ഈ വ്യക്തിപരമായ കാരണങ്ങളൊക്കെ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുന്നതിനും പാര്‍ട്ടി വളരുന്നതിനും കാരണമായിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷം കേരളത്തില്‍ പാര്‍ട്ടി വളരുകയാണ് ചെയ്തിട്ടുള്ളത്.
വ്യക്തിപരമായി ഒരു പ്രതിച്ഛായ എന്നൊന്നില്ല.പിണറായി വിജയന്റെ മരുമകനെന്ന നിലയില്‍ രാഷ്ട്രീയ ഭാവിയെ എന്തെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോഴാണ് എനിക്ക് തന്നെ അത് തോന്നുക. ഞാന്‍ മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തോടൊപ്പം നില്‍ക്കാറ്. അതല്ലാതെ നില്‍ക്കാന്‍ പറ്റുന്ന ഒരാളല്ല എന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. അദ്ദേഹത്തെപ്പറ്റി നല്ലത് പറയുന്ന ആളുകള്‍ ഒറ്റപ്പെട്ടുപോകുന്ന ആക്രമണമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പേരില്‍ എന്ത് തരത്തിലുള്ള അറ്റാക്ക് വന്നാലും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ തന്നെ പറയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.