Connect with us

mahathma gandhi

വർഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യക്കുള്ള എന്നത്തേയും മറുമരുന്നാണ് ഗാന്ധി സ്മൃതിയെന്ന് മുഖ്യമന്ത്രി

'ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർ എസ് എസ്'

Published

|

Last Updated

തിരുവനന്തപുരം | മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ വാർഷികത്തിൽ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു- മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിന് കടകവിരുദ്ധമാണ്. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നു.

സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ രാജ്യം ബഹുമുഖമായ വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തെ മതനിരപേക്ഷതയും ബഹുസ്വരമൂല്യങ്ങളും ഫെഡറൽ സംവിധാനങ്ങളും വരെ ആക്രമിക്കപ്പെടുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർ എസ് എസ്. ആ ആർ എസ് എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടുപോകുന്നതും. വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘപരിവാർ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാക്കുകയാണ്. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്ന നിലപാടുൾപ്പെടെ സ്വീകരിക്കുകയുണ്ടായി. രാജ്യത്തെ ഫെഡറൽ മൂല്യങ്ങളിൽ വെള്ളം ചേർത്ത് സംസ്‌ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു.

മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വർഗീയവാദികൾ ഇല്ലാതാക്കിയത്.
ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നു. സംഘപരിവാർ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. വർഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യക്കുള്ള എന്നത്തേയും മറുമരുന്നാണ് ഗാന്ധി സ്മൃതി. വർഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അർത്ഥത്തിൽ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമ. ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
---- facebook comment plugin here -----

Latest