Connect with us

independence day 2023

ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി

നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യം ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം ചുരുക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ് സ്വതാന്ത്ര്യം. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ ചിന്തക്കെതിരായ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അത്തരം നീക്കങ്ങൾ മുളയിലേ നുള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിനാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ സി സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെ പരേഡ് നടന്നു. 

മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷനൽ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു.