Connect with us

pala bishop issue

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി

ഇതര മതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐ എസിൽ എത്തിക്കുന്നതായുള്ള പ്രചാരണവും ശരിയല്ല. സർവകക്ഷി യോഗം വിളിക്കേണ്ട ഒരു ഘട്ടം ഇപ്പോഴില്ല.

Published

|

Last Updated

തിരുവനന്തപുരം | പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ നിരത്തി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ മതത്തിൽനിന്ന് ഇസ്ലാം മതത്തിലേക്കു നിർബന്ധിത പരിവർത്തനം നടക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ല. ഇതര മതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐ എസിൽ എത്തിക്കുന്നതായുള്ള പ്രചാരണവും ശരിയല്ല. മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ മതംതിരിച്ചുള്ള കണക്കും മുഖ്യമന്ത്രി പുറത്തുവിട്ടു.

മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.  2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 4,941 മയക്കുമരുന്ന് കേസുകളിൽ 5,422 പേരാണ് പ്രതികളായുള്ളത്. ഇവരിൽ 2,700 പേർ (49.8 ശതമാനം) ഹിന്ദു മതത്തിൽ പെട്ടവരാണ്. 1,869 പേർ (34.47 ശതമാനം) മുസ്ലിം പേരുള്ളവരും 853 പേർ (15.73 ശതമാനം) ക്രിസ്തുമതത്തിൽ പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽ പെടുന്നവരാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതത്തിൽപെട്ട വിദ്യാർഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാൽ പ്രത്യേക മതത്തിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്.

കോട്ടയത്ത് അഖില എന്ന യുവതി ഹാദിയ എന്ന പേരു സ്വീകരിച്ച് മതം മാറിയത് നിർബന്ധിത മത പരിവർത്തനമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും കേസ് വിശകലനം ചെയ്ത് ഇതു വാസ്തവവിരുദ്ധമാണെന്നു കണ്ടെത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം ചെയ്തതെന്നാണ് കണ്ടെത്തിയത്. ഇതര മതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐ എസിൽ എത്തിക്കുന്നതായുള്ള പ്രചാരണവും ശരിയല്ല. 2019വരെ ഐ എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽ ആവശ്യത്തിനു വിദേശത്തു പോയ ശേഷം അവിടെനിന്ന് ഐ എസ് ആശയങ്ങളിൽ ആകൃഷ്ടരായി പോയതാണ്. ഒരാൾ ഒഴികെ എല്ലാവരും മുസ്‌ലിം സമുദായത്തിൽ ജനിച്ചവരാണ്. 28 പേർ ഐ എസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽനിന്ന് പോയി. ഇതിൽ അഞ്ച് പേർ മാത്രമാണ് ഇസ്‌ലാമിലേക്കു പരിവർത്തനം നടത്തി ഐഎസിൽ ചേർന്നത്. നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശി ബക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. മെറിൻ ജേക്കബ് ബെസ്റ്റിൻ എന്ന യുവാവിനെയും വിവാഹം കഴിച്ചു. ക്രിസ്ത്യൻ യുവാക്കളെ വിവാഹം ചെയ്ത ശേഷമാണ് ഇസ്‌ലാം മതത്തിലേക്കു ഇവർ പരിവർത്തനം ചെയ്യപ്പെട്ടത്. പ്രണയക്കുരുക്കിൽപ്പെടുത്തി മതം മാറ്റുന്നതിനെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹത്തിന്‍റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. തീവ്ര നിലപാടുകാർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം. സർക്കാർ നിർദാക്ഷിണ്യം ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കും. നോക്കിനിൽക്കുന്ന സമീപനം ഉണ്ടാവില്ല. അനാരോഗ്യകരമായ പ്രതികരണത്തിന്‍റെ തെറ്റ് മനസിലാക്കി അതിന്‍റെ തുടർനടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് വേണ്ടത്. ഈ വിഷ‍യത്തിൽ ചർച്ച നടത്താനോ പിന്തുണ നൽകാനോ അല്ല മന്ത്രി വാസവൻ പാല ബിഷപ്പിനെ കാണാൻ പോയത്. അക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സർവകക്ഷി യോഗം വിളിച്ചാൽ ഇപ്പോൾ എന്താണ് ഗുണം. ഓരോ കക്ഷികളും അവരവരുടെ തലങ്ങളിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക, ബന്ധപ്പെട്ട ആളുകളെ തെറ്റ് തിരുത്തിക്കാൻ പ്രേരിപ്പിക്കുക, മതനിരപേക്ഷ ചിന്താഗതിക്കാർക്ക് ഒരേ അഭിപ്രായമാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. അത് നാട്ടിൽ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യാനുള്ളത്. സർവകക്ഷി യോഗം വിളിക്കേണ്ട ഒരു ഘട്ടം ഇപ്പോഴില്ല. നിർഭാഗ്യകരമായ ഒരു പരാമർശവും അതേത്തുടർന്ന് നിർഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരിൽ തള്ളേണ്ടതല്ല. അതിന്‍റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.