punjab election 2022
ഹൈക്കമാന്‍ഡിന് ആവശ്യം താളത്തിന് തുള്ളുന്ന മുഖ്യമന്ത്രിയെ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സിദ്ധു
പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ ഇതിനായി പാര്‍ട്ടി ഒരു സര്‍വേ നടത്തിയിരുന്നു
അമൃത്സര്‍ | കോണ്‍ഗ്രസ് നേതൃത്വത്തിന് ആവശ്യം അവരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു. പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ ഇതിനായി പാര്‍ട്ടി ഒരു സര്‍വേ നടത്തിയിരുന്നു. ഇതില്‍ നിലവിലെ മുഖ്യമന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധുവിനാണ് മുന്‍തൂക്കം എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് സിദ്ധുവിന്റെ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തന്റെ അണികളോട് സിദ്ധു സംസാരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തിന് നല്ലൊരു മുഖ്യമന്ത്രിയെയാണ് ആവശ്യമെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സിദ്ധു പറയുന്നു. പുതിയ പഞ്ചാബ് നിര്‍മ്മിക്കാന്‍ ആവശ്യം നല്ലൊരു മുഖ്യമന്ത്രിയാണ്. ഇത്തവണ നിങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനക്കേണ്ടത്. ഹൈക്കമാന്‍ഡിലിരിക്കുന്നവര്‍ക്ക് ആവശ്യം അവരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയേയാണ്. നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരു മുഖ്യമന്ത്രിയേയാണോ ആവശ്യമെന്ന് സിദ്ധു തന്റെ അണികളോട് ചോദിക്കുന്നതായി കാണാം.
#WATCH | “If a New Punjab has to be made, it is in the hands of the CM… You have to choose the CM this time. People at the top want a weak CM who can dance to their tunes. Do you want such a CM,” said State Congress chief Navjot S Sidhu amid sloganeering by supporters. (03.02) pic.twitter.com/pNfQoMnHjk
— ANI (@ANI) February 4, 2022
നേരത്തെ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെ തന്നെ സ്ഥാനം ലക്ഷ്യമിട്ട സിദ്ധു പാര്‍ട്ടിയില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അമരീന്ദറിന് പാര്‍ട്ടിയുടെ പുറത്തേക്ക് സംഭവം വഴി തുറന്ന് കൊടുത്തുവെങ്കിലും സിദ്ധുവിനെ തള്ളി ദളിത് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജീത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനക്കുകയായിരുന്നു. നേരത്തെ ബി ജെ പി എം പിയായിരുന്ന സിദ്ധുവിന് പാര്‍ട്ടി അമൃത്സറില്‍ സിറ്റിംഗ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ എത്തുന്നത്. പിന്നാലെ, ക്യാപ്റ്റനുമായി വാക്ക്‌പോരിലെത്തിയ സിദ്ധുവിനെ പി സി സി പ്രസിഡന്റ് ആക്കിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വിവാദങ്ങള്‍ക്ക് വിരാമമിട്ടത്.