Connect with us

pinarayi

പട്ടികജാതി വികസനം, ദേവസ്വം വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും

ലോക്‌സഭാ എം പിയായി കെ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ രാജിവെച്ച സാഹചര്യത്തിലാണ് വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി.

കെ രാധാകൃഷ്ണന്‍ന്റെ എം എല്‍ എസ്ഥാനത്തുനിന്നും മന്ത്രിസ്ഥാനത്തുനിന്നുമുള്ള രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ലോക്‌സഭാ എം പിയായി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാജിവെച്ചത്. ആലത്തൂരില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാര്‍ഥിയാണ് കെ രാധാകൃഷ്ണന്‍.

മുഖ്യമന്ത്രി ഏറ്റെടുത്ത വകുപ്പുകള്‍ സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ഉത്തരവില്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.

നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്നും ഉത്തരവില്‍ പറയുന്നു.