Connect with us

Kerala

കാലിക്കറ്റ് പ്രസ്‌ക്ലബ് സുവർണജൂബിലി ആഘോഷം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

1971 നവംബർ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് പ്രസ്‌ക്ലബ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പ്രവര്‍ത്തനമാരംഭിച്ച അന്ന് മുതല്‍ ജനങ്ങളെയും മാധ്യമങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി പ്രസ്‌ക്ലബ് മാറി.

Published

|

Last Updated

കോഴിക്കോട് | മലബാറിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന് ശനിയാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 12ന് എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറർ ഇ.പി മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ എം.കെ രാഘവൻ, കെ. മുരളീധരൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

കോവിഡ്‌ മഹാമാരിയും നിയന്ത്രണങ്ങളും കാരണമാണ് ആഘോഷ പരിപാടികൾ നീണ്ടുപോയത്. 1971 നവംബർ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് പ്രസ്‌ക്ലബ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പ്രവര്‍ത്തനമാരംഭിച്ച അന്ന് മുതല്‍ ജനങ്ങളെയും മാധ്യമങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി പ്രസ്‌ക്ലബ് മാറി. തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അധികാരികളിലേക്കെത്തിക്കാന്‍ സാധാരണക്കാര്‍ ആത്മവിശ്വാസത്തോടെ പ്രസ്‌ക്ലബിന്റെ പടികള്‍ കയറി. നാടിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനമനസാക്ഷിയുണര്‍ത്തി. രാഷ്ട്രീയത്തിനും മത-ജാതി വേര്‍തിരിവുകള്‍ക്കുമപ്പുറം മുഴുവന്‍
മാധ്യമ പ്രവര്‍ത്തകരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിനും കാലിക്കറ്റ് പ്രസ്‌ക്ലബ് എപ്പോഴും ശ്രമിച്ചുപോന്നിട്ടുണ്ട്.

കേരളത്തിലെ മുൻനിര മാധ്യമ പരിശീലനസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്റ് ജേണലിസം പ്രസ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

Latest