Kerala
കേരള സാഹിത്യോത്സവ് സമാപന സംഗമം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് രണ്ട് ലക്ഷം കുടുംബങ്ങളില്‍ നിന്നാരംഭിച്ച് 15000 അയല്‍ക്കൂട്ടങ്ങളിലും 7500 ഗ്രാമങ്ങളിലും 650 സെക്ടര്‍, 120 ഡിവിഷന്‍, മുഴുവന്‍ ജില്ലാ തലങ്ങളും കഴിഞ്ഞാണ് കേരള സാഹിത്യോത്സവ് നടക്കുന്നത്.
തിരുവനന്തപുരം | മുപ്പതാമത് എഡിഷന്‍ കേരള സാഹിത്യോത്സവ് സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 3 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവിന്റെ അവസാന ദിവസമായ ഇന്ന് വിവിധ സെഷനുകളിലായി പ്രമുഖര്‍ സംസാരിക്കും.
യന്ത്ര ഭാവന- ജൈവിക ബുദ്ധി വിഷയത്തില്‍ ജെ പ്രഭാഷ്, പി കെ രാജശേഖരന്‍, കെ ബി ബഷീര്‍ എന്നിവരും, മനുഷ്യരിലേക്കുള്ള യാത്രകള്‍ എന്ന വിഷയത്തില്‍ ടി ഡി രാമകൃഷ്ണന്‍, വി ജി തമ്പി, ടി എ അലി അക്ബര്‍ എന്നിവരും സംസാരിക്കും. സമാപന സംഗമത്തില്‍ കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സാഹിത്യോത്സവ് പ്രതിഭകള്‍ക്കുള്ള അനുമോദന പ്രഭാഷണം നടത്തും.
കഴിഞ്ഞ ഒരാഴ്ച്ചയായി തിരുവനന്തപുരം കനകക്കുന്നില്‍ സാഹിത്യോത്സവ് നടന്നു വരികയാണ്. സംസ്ഥാനത്ത് രണ്ട് ലക്ഷം കുടുംബങ്ങളില്‍ നിന്നാരംഭിച്ച് 15000 അയല്‍ക്കൂട്ടങ്ങളിലും 7500 ഗ്രാമങ്ങളിലും 650 സെക്ടര്‍, 120 ഡിവിഷന്‍, മുഴുവന്‍ ജില്ലാ തലങ്ങളും കഴിഞ്ഞാണ് കേരള സാഹിത്യോത്സവ് നടക്കുന്നത്.
നഗരത്തില്‍ സജ്ജമാക്കിയ 13 വേദികളിലായി സാംസ്‌കാരിക ചര്‍ച്ചകള്‍, കലാസ്വാദനങ്ങള്‍, പുസ്തകോത്സവം, 170 മത്സര ഇനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന സമാപന സെഷനോടെ മുപ്പതാമത് എഡിഷന്‍ കേരള സാഹിത്യോത്സവിന് തിരശീല വീഴും.