cruelty against child
ക്രൂര മര്‍ദനമേറ്റ കുട്ടിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി
കുട്ടിയെ ആരും മർദിച്ചിട്ടില്ലെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി | എറണാകുളം കാക്കനാട്ട് ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതി. കുട്ടിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. 48 മണിക്കൂർ നിരീക്ഷണം തുടരും. ശ്വാസതടസ്സം കണ്ടാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാം. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രവ രൂപത്തിൽ ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോലഞ്ചേരി മെഡി.കോളജ് അധികൃതർ അറിയിച്ചു.
അതേസമയം, കുട്ടിയെ ആരും മർദിച്ചിട്ടില്ലെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരിയുടെ പങ്കാളി ആൻ്റണി ടിജിൻ മർദിക്കുന്നത് കണ്ടിട്ടില്ല. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരുക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.
അതേസമയം, താൻ ഒളിവിലല്ലെന്നും കുട്ടിയെ മർദിച്ചിട്ടില്ലെന്നും ആൻ്റണി ടിജിനും പറഞ്ഞു. കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നും ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു. ആൻ്റണി കുട്ടിയെ മർദിച്ചിരിക്കാമെന്ന് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടി ഹൈപര്‍ ആക്ടീവ് ആണെന്നും കളിക്കുന്നതിനിടെ വീണെന്നുമായിരുന്നു മാതാവും അമ്മൂമയും ആശുപത്രിയിലെത്തിച്ചപ്പോൾ ആദ്യം പറഞ്ഞത്. എന്നാല്‍, സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. എളമക്കര പോലീസാണ് സംഭവം അന്വേഷിക്കുന്നത്.