Connect with us

chinese party congress

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുഴങ്ങുന്നത്

അമിതമായി സൈനികവത്കരിക്കപ്പെട്ട ഏതൊരു രാജ്യവും ലോകസമാധാനത്തിന് ഭീഷണിയായിരിക്കും. അതുപോലെ അമിതാധികാരം കൈയാളുന്ന വ്യക്തിയും അപകടകരമായ തീരുമാനങ്ങളിലേക്ക് എടുത്തു ചാടും. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ബദലെന്ന് വാഴ്ത്തപ്പെടുന്ന ചൈന ഈ രണ്ട് ദൂഷ്യത്തെയും മറികടക്കുന്നത് കാണാനാണ് സമാധാന സ്‌നേഹികള്‍ കാത്തിരിക്കുന്നത്.

Published

|

Last Updated

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി പി സി)യുടെ 20ാം കോണ്‍ഗ്രസ്സ് ആരംഭിച്ചിരിക്കുന്നു. ഔദ്യോഗികമായി പുറത്ത് വിടുന്ന പരിമിതമായ വിവരങ്ങളും ചിത്രങ്ങളും മാത്രമാണ് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നത്. പിന്നെയുള്ളത് വിശകലനങ്ങളാണ്. അവയില്‍ പലതും സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്നവയുമാണ്. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിയണമെന്ന മാനദണ്ഡം മറികടന്ന് മൂന്നാം ഊഴത്തിലേക്ക് പോകാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗിന് അനുവാദം നല്‍കുന്ന സുപ്രധാന പാര്‍ട്ടി കോണ്‍ഗ്രസ്സാകുമിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഷിയുടെ അധികാരത്തുടര്‍ച്ച സുഗമമാക്കുന്നതിന് ചൈനീസ് ഭരണഘടന 2018ല്‍ ഭേദഗതി ചെയ്തിരുന്നു. പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനപ്രകാരമായിരുന്നു അത്.

തിരഞ്ഞെടുക്കപ്പെട്ട 2,296 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. 69കാരനായ ഷി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുമെങ്കിലും പ്രധാനമന്ത്രി ലീ കെകിയാംഗ് ഉള്‍പ്പെടെയുള്ള രണ്ടാം നിര നേതാക്കള്‍ക്കെല്ലാം പദവി ഒഴിയേണ്ടിവരും. ലോകോത്തര സൈനികവത്കരണം ചൈന വേഗത്തിലാക്കുമെന്നും തന്ത്രപരമായ പ്രതിരോധ ശേഷി കെട്ടിപ്പടുക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുമെന്നും ഷി ജിന്‍പിംഗ് തന്റെ ആമുഖ ഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടാന്‍ തയ്യാറായിരിക്കണം. അഴിമതിക്കെതിരായ നിലപാട് ശക്തമായി തുടരും. ഹോങ്കോംഗും തായ്‌വാനുമെല്ലാം ചൈനയുടെ അവിഭാജ്യ ഘടകങ്ങളായി തുടരും. ഉയര്‍ന്ന സ്വയംഭരണാധികാരത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ടുപോകും. ലോകസമാധാനത്തിനും പൊതുവായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിദേശ നയ ലക്ഷ്യങ്ങളാണ് ചൈനക്കുള്ളത്. മനുഷ്യ സമൂഹം അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിടുകയാണ്. സമാധാനം, വികസനം, നീതി, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്നും ഷി പ്രസംഗത്തില്‍ പറയുന്നു. തായ്‌വാന്റെ കാര്യത്തില്‍ വേണ്ടി വന്നാല്‍ ബലപ്രയോഗത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന പ്രഖ്യാപനം ഷി നടത്തിയതായും റിപോര്‍ട്ടുണ്ട്. തായ്‌വാനിലെ നേതൃത്വം ഈ വെല്ലുവിളിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുമുണ്ട്. സമാധാനത്തെ കുറിച്ചും യുദ്ധത്തെ കുറിച്ചും ഒരേ പ്രസംഗത്തില്‍ വാചാലമാകുന്നുവെന്ന വൈരുധ്യമാണ് ഷി ജിന്‍പിംഗിന്റെ ഭാഷണം അവശേഷിപ്പിക്കുന്നത്.

ഷി ജിന്‍പിംഗിന് അപരിമിതമായ അധികാരം കരഗതമാകുന്നുവെന്നത് ചൈനയുടെ മാത്രം കാര്യമായി തള്ളിക്കളയാവുന്ന ഒന്നല്ല. ലോകത്ത് ഒന്നാം നമ്പര്‍ ശക്തിയെന്ന ഖ്യാതിയിലേക്ക് കുതിക്കുന്ന ചൈന മുന്നോട്ട് വെക്കുന്ന അധികാര ഘടന സ്വേച്ഛാധിപത്യ പ്രവണതകളുള്ളതാകുന്നത് ജനാധിപത്യ വിശ്വാസികളെ ഒരു നിലക്കും സന്തോഷിപ്പിക്കില്ലല്ലോ. അയല്‍രാജ്യത്ത് അത്തരമൊരു പ്രവണത ശക്തിയാര്‍ജിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. തുടര്‍ച്ചയായ രണ്ട് ഊഴങ്ങള്‍ക്ക് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മാറണമെന്നതാണ് നിലവിലെ ചൈനീസ് കീഴ് വഴക്കം. 1980കളില്‍ ഡെംഗ് സിയാവോപിംഗ് ആണ് ഇത്തരമൊരു ചട്ടം കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത്. അനന്തമായ അധികാരത്തുടര്‍ച്ച നീതീകരിക്കാവുന്നതല്ലെന്നും പാര്‍ട്ടിക്ക് മേലെ പ്രതിഷ്ഠിച്ച വ്യക്തിയെ സൃഷ്ടിക്കാനേ അത് ഉപകരിക്കൂവെന്നുമുള്ള തിരിച്ചറിവാണ് ഇത്തരമൊരു ചട്ടത്തിലേക്ക് വഴി തെളിയിച്ചത്. 68 വയസ്സു കഴിഞ്ഞാല്‍ നേതാക്കള്‍ ഉന്നത രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന കീഴ് വഴക്കവും നിലനില്‍ക്കുന്നുണ്ട്. ഈ കീഴ്‌വഴക്കം പൊളിച്ചെഴുതാനാണ് 2018ല്‍ ചേര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം തീരുമാനിച്ചത്.

മൂന്ന് പതിറ്റാണ്ട് അധികാരം കൈയാളിയ പാര്‍ട്ടി സ്ഥാപക നേതാവ് മാവോ സേതൂങിനെയും കവച്ച് വെച്ചാകും ജിന്‍പിംഗ് കുതിക്കുകയെന്ന് ഉറപ്പായിരിക്കുന്നു. ഷി ജിന്‍പിംഗ് രണ്ടാമൂഴത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നതിന് മുമ്പ് തന്നെ അധികാര കേന്ദ്രീകരണത്തിന്റെ ആള്‍രൂപമായി മാറിക്കഴിഞ്ഞിരുന്നു. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ്. ധനകാര്യ സമിതിയുടെയും പരിഷ്‌കരണ സമിതിയുടെയും തലപ്പത്തും അദ്ദേഹം തന്നെ. മാവോ സേതൂങിന് ശേഷം, ജീവിച്ചിരിക്കെ ചൈനീസ് ഭരണഘടനയില്‍ പേര് ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് സി ജിന്‍പിംഗ്. “ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസത്തിനായി പുതു യുഗത്തില്‍ ഷി ജിന്‍പിംഗ് ഉയര്‍ത്തിയ ചിന്തകള്‍’ സുപ്രധാന മാര്‍ഗ നിര്‍ദേശക തത്വമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
ഷി ജിന്‍പിംഗിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെ രണ്ട് നിലയിലാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നയത്തുടര്‍ച്ച മാത്രം പോരാ. വ്യക്തികളുടെ തുടര്‍ച്ച തന്നെ വേണമെന്നും കരുത്തുറ്റ ചൈന ലോകത്തിന്റെയാകെ ആവശ്യമാണെന്നും ചിലര്‍ വാദിക്കുന്നു. അമേരിക്ക മുന്നോട്ടു വെക്കുന്ന ഏകധ്രുവ ലോക ഭീഷണിയെ നേരിടാന്‍ ഇന്ന് സോവിയറ്റ് യൂനിയനില്ല. ഈ കുറവ് നികത്താന്‍ ശക്തമായ ചൈന വേണം എന്നതാണ് ന്യായം. എന്നാല്‍ അധികാര കേന്ദ്രീകരണം ഏത് സംവിധാനത്തെയും ദുഷിപ്പിക്കുകയേ ഉള്ളൂവെന്നതാണ് മുന്നിട്ട് നില്‍ക്കുന്ന വിലയിരുത്തല്‍. അതിന്റെ സൂചനകള്‍ ചൈനയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങളെ അതിക്രൂരമായാണ് ചൈന നേരിടുന്നത്. വിവര വിസ്‌ഫോടനത്തിന്റെ കാലത്തും തങ്ങളുടെ ജനതയെ തുറസ്സിലേക്ക് തുറന്ന് വിടാന്‍ ആ രാജ്യം ഒരുക്കമല്ല. പാര്‍ട്ടിയായിരിക്കും കേന്ദ്ര സ്ഥാനത്ത്; അംഗങ്ങള്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന ആഹ്വാനം അച്ചടക്കത്തിന്റെ വാള്‍ചുഴറ്റലാണ്. വിമതസ്വരങ്ങള്‍ അത് ഏത് നിലയിലായാലും വെച്ചു പൊറുപ്പിക്കില്ല. ഷി ജിന്‍പിംഗിന്റെ മൂന്നാമൂഴത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നിറഞ്ഞതും ആധികാരികവും അതുകൊണ്ട് തന്നെ അക്രമാസക്തവുമായ വിദേശ നയമാകും കാണാനാകുക. സൗത്ത് ചൈനീസ് കടലിലും ടിബറ്റിലും ഇന്ത്യന്‍ അതിര്‍ത്തിയിലും തായ്‌വാനിലും ഇത് തന്നെയാകും നയം. വിപണി കൂടുതല്‍ തുറന്ന് വെക്കുകയും കൂടുതല്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം തുടരുകയും ചെയ്യുകയെന്ന പരിഷ്‌കരണ ദൗത്യം വ്യാപകമാകും.

അമിതമായി സൈനികവത്കരിക്കപ്പെട്ട ഏതൊരു രാജ്യവും ലോകസമാധാനത്തിന് ഭീഷണിയായിരിക്കും. അതുപോലെ അമിതാധികാരം കൈയാളുന്ന വ്യക്തിയും അപകടകരമായ തീരുമാനങ്ങളിലേക്ക് എടുത്തു ചാടും. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ബദലെന്ന് വാഴ്ത്തപ്പെടുന്ന ചൈന ഈ രണ്ട് ദൂഷ്യത്തെയും മറികടക്കുന്നത് കാണാനാണ് സമാധാന സ്‌നേഹികള്‍ കാത്തിരിക്കുന്നത്. ജനസംഖ്യാ നയത്തിലെന്ന പോലെ തെറ്റുതിരുത്തലിന്റെ സൗന്ദര്യമാകട്ടെ സി പി സി കോണ്‍ഗ്രസ്സ്.

Latest