From the print
പ്രാസ്ഥാനിക കുടുംബം ഒരുങ്ങി; സിറാജ് ഡേ നാളെ
പ്രചാരണത്തിന്റെ വീറ് പ്രകടമാകുന്ന നാളത്തെ സിറാജ് ഡേയിൽ പരമാവധി പേരെ യൂനിറ്റുകളിൽ വരിചേർക്കും.
കോഴിക്കോട് | പ്രാസ്ഥാനിക കുടുംബം നാടും നഗരവും കീഴടക്കുന്ന സിറാജ് ഡേ നാളെ. നേരിന്റെ നന്മയിൽ നാൽപ്പതാണ്ട് പിന്നിടുന്ന അക്ഷര വെളിച്ചത്തിന്റെ പ്രചാരണ ക്യാമ്പയിനിൽ ഇനി പത്ത് നാൾ പുതുവിപ്ലവം. നീതിയും ധർമവും കൈമുതലാക്കി സുന്നി സംഘചേതനക്കൊപ്പം മലയാളത്തിന്റെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് പരന്നൊഴുകിയ ജിഹ്വയുടെ പ്രചാരണം നെഞ്ചോടുചേർത്ത് ഏറ്റെടുക്കുകയാണ് കേരളം.
സംസ്ഥാനതലം മുതൽ യൂനിറ്റ് ഘടകങ്ങൾ വരെയുള്ള ഒന്നര മാസത്തെ ആഭ്യന്തര സജ്ജീകരണങ്ങൾക്കൊടുവിലാണ് പ്രവർത്തകർ ഇന്ന് പ്രചാരണത്തിന്റെ വിളംബരവുമായി നാട്ടിലേക്കിറങ്ങുന്നത്. സംസ്ഥാനത്തെ 700 ഓളം സർക്കിൾ ഘടകങ്ങളിലായിരുന്നു അവസാനഘട്ട കൺവെൻഷൻ. സംഘടനയുടെ അടിസ്ഥാന ഭൂമികയായ യൂനിറ്റുകളിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് അലകും പിടിയും മെനഞ്ഞെടുത്ത ഒരുക്കം.
ഈസി സ്‌കീം, അക്ഷരദീപം, കമ്പയിൻഡ് പാക്കേജ്, മദ്‌റസ സ്‌കീം എന്നീ ആകർഷകമായ വിവിധതരം വാർഷിക സ്‌കീമുകളിലായിരുന്നു ഇതുവരെ ക്യാമ്പയിൻ പ്രവർത്തകരുടെ ശ്രദ്ധ. ഇന്ന് മുതൽ വാർഷിക വരിക്കാരെയും മാസാന്ത വരിക്കാരെയും ചേർക്കുന്നതിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്.
പ്രചാരണത്തിന്റെ വീറ് പ്രകടമാകുന്ന നാളത്തെ സിറാജ് ഡേയിൽ പരമാവധി പേരെ യൂനിറ്റുകളിൽ വരിചേർക്കും. പള്ളി പരിസരങ്ങളിലും തെരുവുകളിലും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും. നാട്ടിലെ പൗര പ്രമുഖരെയും മറ്റും സിറാജിന്റെ വായനാകുടുംബത്തിൽ ചേർക്കും. ഈ മാസം 14 വരെയാണ് ക്യാമ്പയിൻ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടനാ കുടുംബത്തിന്റെ സെൻട്രൽ ക്യാബിനറ്റാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
മന്ത്രിമാരും എം പിമാരും എം എൽ എമാരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുമടക്കം നിരവധി പേർ കഴിഞ്ഞ ഒരു മാസത്തിനിടക്ക് സിറാജിന്റെ വരിക്കാരായിട്ടുണ്ട്.