Siraj Article
സഭയറിയേണ്ടതുണ്ട് ഈ സംഘ്പരിവാര്‍ ആക്രമണങ്ങള്‍
ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇന്ത്യയിലെമ്പാടും സംഘ്പരിവാര്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും അതിലവര്‍ വിജയിച്ചിട്ടുമുണ്ട്. പതിറ്റാണ്ടുകളുടെ ശ്രമങ്ങള്‍ നടത്തിയിട്ടും കേരള രാഷ്ട്രീയത്തില്‍ ഒരിലയനക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഘ്പരിവാറിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ക്രിസ്ത്യന്‍ - മുസ്‌ലിം വിഭാഗീയ ശ്രമങ്ങള്‍. ഭിന്നിപ്പ്, കലാപം, രാഷ്ട്രീയ അട്ടിമറി എന്ന ഹിന്ദുത്വ തന്ത്രങ്ങള്‍ക്ക് കീഴ്പ്പെടാതിരിക്കാനുള്ള ജാഗ്രതയിലേക്ക് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ നയിക്കാന്‍ ആ സമുദായത്തിനകത്ത് നിന്ന് തന്നെയുള്ള ശ്രമങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
ദക്ഷിണ ബിഹാറിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ആദിവാസി സമരങ്ങളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കെയാണ് ഝാര്‍ഖണ്ഡിലെ ആദ്യ ആദിവാസി വനിതാ പത്രപ്രവര്‍ത്തകയും ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാളിയുമായ ദയാമണി ബര്‍ലയെ കുറിച്ച് കൂടുതല്‍ അറിയുന്നത്. അവരെ നേരില്‍ ചെന്ന് കാണാനും അഭിമുഖം നടത്താനും തീരുമാനിച്ചു. ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷം 2017 ഡിസംബര്‍ 24ന് രാത്രിയില്‍ ബിഹാറിലെ ഗയയില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ടു. ഝാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ഗവേഷകയായിരുന്ന സുഹൃത്ത് ഇവ ലക്ഡയും ഒപ്പം കൂടി. റാഞ്ചിയിലെ ബിര്‍സ ചൗക്കിന് സമീപമുള്ള ഒരു കൊച്ചുവീട്ടിലായിരുന്നു ദയാമണി ബര്‍ലയും ഭര്‍ത്താവും താമസിച്ചിരുന്നത്.
സ്നേഹത്തോടെയുള്ള അവരുടെ വരവേല്‍പ്പ് സ്വീകരിച്ച് വീടിനകത്ത് പ്രവേശിച്ചപ്പോള്‍ ഞങ്ങളിരുവരും അത്ഭുതപ്പെട്ടു. വീടിനകം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണമാലകളും പല നിറങ്ങളിലുള്ള ബള്‍ബുകളും പുല്‍ക്കൂടുമെല്ലാമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. അന്ന് ക്രിസ്മസ് ആണെന്നത് ഞാന്‍ അപ്പോഴാണ് അറിയുന്നത്. ദയാമണി ബര്‍ല എന്ന ആദിവാസി സ്ത്രീ ക്രിസ്തുമത വിശ്വാസിയാണെന്നറിയുന്നതും അപ്പോഴായിരുന്നു.
വീടിനകം മുഴുവന്‍ ഇത്രമേല്‍ അലങ്കരിച്ചിട്ടും വീടിന് പുറത്ത് പേരിനൊരു നക്ഷത്രം പോലും തൂക്കിയിട്ടില്ലാത്തത് എന്നില്‍ കൗതുകമുണര്‍ത്തി. ഞാനിക്കാര്യം അവരോട് ചോദിച്ചു. റാഞ്ചിയില്‍ തൊട്ടുമുന്നത്തെ വര്‍ഷം ക്രിസ്മസ് കാലത്ത് നക്ഷത്രങ്ങള്‍ തൂക്കിയിരുന്ന അനേകം വീടുകള്‍ ആക്രമിക്കപ്പെടുകയും കരോളിന് നേരേ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും ചെയ്ത വിവരം അവര്‍ പറഞ്ഞു. സംഘ്പരിവാറിന് വലിയ സ്വാധീനമുള്ള അവരുടെ മേഖലയില്‍ ഇത്തവണ എല്ലാവരും രഹസ്യമായി മാത്രമാണ് ക്രിസ്മസ് ആഘോഷിക്കുന്നത് പോലും. ഗ്രാമ, നഗര ഭേദമന്യേ ഝാര്‍ഖണ്ഡിന്റെ വിവിധയിടങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ വിവിധങ്ങളായ സംഘ്പരിവാര്‍ സംഘടനകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ചും മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വൈദികരും കന്യാസ്ത്രീകളും അനുഭവിക്കുന്ന ജീവഭയത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
ഖനി മാഫിയകളും സംഘ്പരിവാറും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ മലയാളിയായ സിസ്റ്റര്‍ വല്‍സ ജോണിനെക്കുറിച്ച് ഏറെ വേദനയോടെയാണ് അവര്‍ സംസാരിച്ചത്. തൊണ്ണൂറുകളില്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തുകയും ആദിവാസി മേഖലയിലെ പിന്നാക്കാവസ്ഥകള്‍ കണ്ട് മനസ്സിലാക്കിയതിന് ശേഷം ആദിവാസികള്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്ത വല്‍സ ജോണിനെ 2011 നവംബര്‍ 16ന് ഝാര്‍ഖണ്ഡിലെ പക്കുവാഡയില്‍ വെച്ച് ബി ജെ പി നേതൃത്വത്തിന്റെ ഒത്താശയില്‍ ഖനി മാഫിയകളുടെ ഗുണ്ടകള്‍ കൊലപ്പെടുത്തുകയായിരുന്നു. ‘പണത്തോടുള്ള ആര്‍ത്തിയാണ് സിസ്റ്റര്‍ വല്‍സയെ മരണത്തിലെത്തിച്ചത്’ എന്നായിരുന്നു വല്‍സ ജോണിന്റെ മരണത്തിന് പിന്നാലെ ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണം. വല്‍സ ജോണിന്റെ അതേ വഴികളില്‍ സഞ്ചരിക്കുന്ന, സംഘ്പരിവാറിന്റെ മറ്റൊരു നോട്ടപ്പുള്ളിയും തന്റെ സഹപോരാളിയുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ചും ദയാമണി ബര്‍ല ഏറെ നേരം സംസാരിച്ചിരുന്നു. സ്റ്റാന്‍ സ്വാമിയെയും സംഘ്പരിവാര്‍ വേട്ടയാടുമെന്ന അവരുടെ ഭയാശങ്കകളെ ശരിവെച്ചുകൊണ്ടായിരുന്നു 2020 ഒക്ടോബര്‍ മാസത്തില്‍ ഭീമ കൊറേഗാവ് കേസില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.
തമിഴ്നാട്ടില്‍ ജനിച്ച് ഫിലിപ്പൈന്‍സില്‍ നിന്നും ദൈവശാസ്ത്രം പഠിക്കുകയും വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി അടിച്ചമര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പോരാട്ടങ്ങളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത സ്റ്റാന്‍ സ്വാമി തന്റെ കര്‍മമണ്ഡലമായി തിരഞ്ഞെടുത്തത് ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു. പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ആദിവാസി മേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകളും അവര്‍ക്കനുകൂലമായി നിന്ന ഇന്ത്യന്‍ ഭരണകൂടവും വിവിധങ്ങളായ പദ്ധതികളുമായെത്തിയപ്പോള്‍, തലമുറകളായി ജീവിച്ചുപോന്ന ആവാസ വ്യവസ്ഥകളില്‍ നിന്ന് പുറത്താക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് സാമൂഹിക രംഗത്ത് നിലയുറപ്പിച്ചയാളാണ് ഫാ. സ്്റ്റാന്‍ സ്വാമി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഝാര്‍ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം കത്തോലിക്കാ സഭയുടെ പ്രധാന കോണ്‍ഗ്രിഗേഷനായ ഈശോ സഭയുടെ പ്രധാനപ്പെട്ട പുരോഹിതനായിരുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള അദ്ദേഹത്തെ 83ാമത്തെ വയസ്സില്‍ ഭീകരവാദ ബന്ധം ആരോപിച്ച് തടവിലിടുകയും, വെള്ളം കുടിക്കാനായി ഒരു സിപ്പര്‍ ഫ്ളാസ്‌ക് ചോദിച്ചപ്പോള്‍ അതുപോലും നല്‍കാതെ ക്രൂരമായി മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിലൂടെ സംഘ്പരിവാര്‍ ഭരണകൂടം ഒരു താക്കീത് നല്‍കുകയായിരുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തകരെ മാത്രമല്ല, മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകം വൈദികരെ കൂടി ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സംഘ്പരിവാര്‍ നിറവേറ്റിയത്.
സംഘ്പരിവാറിന്റെ ക്രൈസ്തവ വേട്ട
ഇന്ത്യയില്‍ തങ്ങളുടെ ആഭ്യന്തര ശത്രുക്കള്‍ ആര്, ആരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ടത്, അതിനുള്ള രാഷ്ട്രീയ പദ്ധതികള്‍ എന്തൊക്കെയാണ്, ഘട്ടം ഘട്ടമായി അവയിലേതെല്ലാമാണ് നടപ്പാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ സംഘ്പരിവാറിന് ഒരു കാലത്തും യാതൊരു വ്യക്തതക്കുറവും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും പുറത്താക്കി തങ്ങളുടേത് മാത്രമായ ഒരു രാജ്യം നിര്‍മിക്കാനുള്ള ഹിന്ദുത്വ പദ്ധതികള്‍ കലാപങ്ങളായും കൂട്ടക്കുരുതികളായും രാഷ്ട്രീയ അട്ടിമറികളായും അരങ്ങേറിയത് കൂടിയാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം.
ദളിതരും മുസ്‌ലിംകളും ആക്രമിക്കപ്പെടുന്നതിന് സമാനമായ രീതിയില്‍ തന്നെ ക്രിസ്ത്യാനികളും രാജ്യത്തുടനീളം സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഒഡീഷയിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് പിഞ്ചു മക്കളെയും ബജ്റംഗ്്ദള്‍ പ്രവര്‍ത്തകര്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം, 2008ല്‍ ഒഡീഷയിലെ തന്നെ കണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അഞ്ഞൂറിലധികം പേര്‍ ക്രൂരമായി കൊല്ലപ്പെട്ട വര്‍ഗീയ കലാപം, 1997ലും 98ലുമായി ഗുജറാത്തിലെ ദാംഗ് ജില്ലയില്‍ ബി ജെ പി – വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികള്‍ക്ക് നേരേ നടത്തിയ തുടര്‍ അക്രമ പരമ്പരകള്‍, 1999ല്‍ ഒഡീഷയിലെ രണാലൈയില്‍ 157ഓളം ക്രിസ്ത്യന്‍ വീടുകള്‍ രണ്ടായിരത്തോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തോക്കുകളും മാരകായുധങ്ങളുമായി വന്ന് ആക്രമിച്ച സംഭവം, 2008ല്‍ ദക്ഷിണ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ബജ്റംഗ്്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ തുടര്‍ച്ചയായ ക്രിസ്ത്യന്‍ വേട്ട ഇങ്ങനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അക്രമ പരമ്പരകള്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്ക് നേരേ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ദിവസവും കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൈസ്തവ ദേവാലയത്തിന് നേരേ അക്രമങ്ങള്‍ അഴിച്ചുവിട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യാസ് അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020ല്‍ രാജ്യവ്യാപകമായി 225 ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍ക്കപ്പെട്ടത്. തൊട്ടുമുന്നത്തെ വര്‍ഷം അത് 218 പള്ളികള്‍ ആയിരുന്നു. 2020 സെപ്തംബറില്‍ ഛത്തീസ്ഗഢിലെ മൂന്ന് ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചത് നാലായിരത്തോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. 2014ല്‍ ബി ജെ പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ, ഏറ്റവുമൊടുവില്‍ പുറത്തുവന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലും രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്കെതിരെ 305 അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കെതിരെ 169 ആക്രമണങ്ങളാണ് നടന്നത്. ഇതേ കാലയളവില്‍ കര്‍ണാടകയില്‍ മാത്രം 32 ആക്രമണങ്ങളും നടന്നു. ഈ ആക്രമണങ്ങളിലെല്ലാമായി 331 വനിതകള്‍ക്ക് പരുക്കേറ്റതായും 588 ആദിവാസികളും 513 ദളിതരും ഇരകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യാഥാര്‍ഥ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ക്രൈസ്തവ സഭകള്‍
രാജ്യവ്യാപകമായി ഹിന്ദുത്വ രാഷ്ട്രീയം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് നേരേ നടത്തുന്ന അതിക്രമങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ സംഘ് രാഷ്ട്രീയത്തിന്റെ ജിഹ്വയായി മാറുന്നുവെന്നതാണ് ഖേദകരം.
വെറുപ്പിന്റെയും അപരമത വിദ്വേഷത്തിന്റെയും ഉന്മൂലന രാഷ്ട്രീയത്തിലൂടെ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നിര്‍മിച്ചെടുത്ത മുസ്‌ലിം വിരുദ്ധ നുണക്കഥകള്‍ ഏറ്റുപാടി രാജ്യത്ത് സംഭവിക്കേണ്ടിയിരുന്ന ന്യൂനപക്ഷ ഐക്യങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് കേരളത്തിലെ സഭാ നേതൃത്വം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെല്ലാം മുസ്‌ലിംകള്‍ മാത്രമായി തട്ടിപ്പറിച്ചു കൊണ്ടുപോകുകയാണെന്ന സംഘ്പരിവാറിന്റെ നുണക്കഥയില്‍ വീണിരിക്കുകയാണ് മിക്ക ക്രൈസ്തവ നേതാക്കളും. മതപരിവര്‍ത്തനം, ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ ഇല്ലാക്കഥകള്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം ശത്രുക്കളായി കണക്കാക്കുന്ന, അതിനനുസരിച്ച് രാഷ്ട്രീയ പദ്ധതികള്‍ നടപ്പാക്കുന്ന സംഘ്പരിവാറിനെ ഒരു ഭീഷണിയായി കണക്കാക്കാതിരിക്കുകയും എന്നാല്‍ മുസ്‌ലിംകളെ തങ്ങളുടെ പ്രധാന ശത്രുക്കളായി കാണുകയും ചെയ്യുന്നതിലൂടെ കേരളത്തിലെ ചില സഭകളുടെ സവര്‍ണ – വംശീയ – വര്‍ഗീയ മനോഭാവങ്ങളാണ് വെളിവാകുന്നത്. കുര്‍ബാനകള്‍ക്കിടെ വൈദികര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളും വിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഇടയ ലേഖനങ്ങളും അടിത്തട്ടില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ക്ലബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പില്‍ സമീപകാലത്ത് നടന്ന ചില ചര്‍ച്ചകള്‍ കേരളത്തിന്റെ പൊതു സാമൂഹിക സാഹചര്യങ്ങളെ വലിയ രീതിയില്‍ വെല്ലുവിളിക്കുന്നതായിരുന്നു. ലവ് ജിഹാദ്, മതപരിവര്‍ത്തനം, തീവ്രവാദം, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെല്ലാം സംബന്ധിച്ച് അങ്ങേയറ്റം വസ്തുതാവിരുദ്ധവും പ്രതിലോമകരവും വിഷലിപ്തവുമായ പ്രചാരണങ്ങളാണ് ക്രിസ്ത്യന്‍ സംഘടനകളുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചകളില്‍ അരങ്ങേറിയത്. ഇത്തരം പ്രവൃത്തികളുടെ വരുംവരായ്കകളെക്കുറിച്ച് ക്രൈസ്തവ നേതാക്കള്‍ ഗൗരവപൂര്‍വമുള്ള ഒരു വിചിന്തനത്തിന് ഇനിയും തയ്യാറായില്ലെങ്കില്‍ സ്വന്തം കുഴി കുഴിക്കുന്നവരായി മാത്രം അവരെ കണക്കാക്കേണ്ടി വരും.
ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇന്ത്യയിലെമ്പാടും സംഘ്പരിവാര്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും അതിലവര്‍ വിജയിച്ചിട്ടുമുണ്ട്. പതിറ്റാണ്ടുകളുടെ ശ്രമങ്ങള്‍ നടത്തിയിട്ടും കേരള രാഷ്ട്രീയത്തില്‍ ഒരിലയനക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഘ്പരിവാറിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ക്രിസ്ത്യന്‍ – മുസ്‌ലിം വിഭാഗീയ ശ്രമങ്ങള്‍. ഭിന്നിപ്പ്, കലാപം, രാഷ്ട്രീയ അട്ടിമറി എന്ന ഹിന്ദുത്വ തന്ത്രങ്ങള്‍ക്ക് കീഴ്പ്പെടാതിരിക്കാനുള്ള ജാഗ്രതയിലേക്ക് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ നയിക്കാന്‍ ആ സമുദായത്തിനകത്ത് നിന്ന് തന്നെയുള്ള ശ്രമങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.