National
പൗരത്വ നിയമം റദ്ദാക്കും, ഗവര്‍ണര്‍ പദവി ഇല്ലാതാക്കും,തൊഴിലുറപ്പ് കൂലി 700 രൂപയാക്കും ; സിപിഐ പ്രകടന പത്രിക പുറത്തിറക്കി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിനു കീഴില്‍ കൊണ്ടുവരും.
ന്യൂഡല്‍ഹി | സിപിഐ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം റദ്ദാക്കുമെന്നും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗാദനം. അഗ്‌നിപഥ് പദ്ധതി നിര്‍ത്തലാക്കുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഗവര്‍ണര്‍ പദവി ഇല്ലാതാക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിനു കീഴില്‍ കൊണ്ടുവരും. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.മിനിമം താങ്ങുവില അടക്കം കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. തൊഴില്‍ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും. നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷന്‍ പുനഃസ്ഥാപിക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അധാര്‍ ബന്ധിപ്പിക്കുന്നത് ഒഴിവാക്കുംമെന്നും പ്രകടന പത്രികയിലുണ്ട്
എപിഎ റദ്ദാക്കും. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്തും. സച്ചാര്‍ കമ്മിറ്റി, രംഗനാഥ മിശ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം സംരക്ഷിക്കും.തുടങ്ങിയവയാണ് സിപിഐ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.