Editors Pick
എം ടിയുടെ സാന്നിധ്യത്താല്‍ ധന്യമായ നഗരം; ഓര്‍മയില്‍ നഗരത്തെ തഴുകി എം ടി
എം ടിയെന്ന മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം കൊണ്ടു ധന്യമായ നഗരമാണ് കോഴിക്കോട്. ഈ നഗരത്തിന് യുനസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുമ്പോള്‍ എം ടിയുടെ സാന്നിധ്യം നഗര പെരുമക്ക് പ്രഭ ചൊരിഞ്ഞു നിന്നു. വൈക്കം മുഹമ്മ ബഷീറും തിക്കോടിയനും യു എ ഖാദറും പി വത്സലയും എന്‍ പി മുഹമ്മദും തുടങ്ങി സാഹിത്യകാരന്‍മാരുടെ വലിയൊരു നിര ഈ നഗരത്തിനു സ്വന്തമായിരുന്നു. ആ പരമ്പരയില്‍ നിന്നാണ് ഇപ്പോള്‍ എം ടി എന്ന അക്ഷരത്തിന്റെ മഹാ ഗോപുരം പൊലിയുന്നത്.
കോഴിക്കോട് | എം ടിയെന്ന മഹാനായ എഴുത്തുകാരന്റെ സാന്നിധ്യം കൊണ്ടു ധന്യമായ നഗരമാണ് കോഴിക്കോട്. ഈ നഗരത്തിന് യുനസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുമ്പോള്‍ എം ടിയുടെ സാന്നിധ്യം നഗര പെരുമക്ക് പ്രഭ ചൊരിഞ്ഞു നിന്നു. വൈക്കം മുഹമ്മ ബഷീറും തിക്കോടിയനും യു എ ഖാദറും പി വത്സലയും എന്‍ പി മുഹമ്മദും തുടങ്ങി സാഹിത്യകാരന്‍മാരുടെ വലിയൊരു നിര ഈ നഗരത്തിനു സ്വന്തമായിരുന്നു. ആ പരമ്പരയില്‍ നിന്നാണ് ഇപ്പോള്‍ എം ടി എന്ന അക്ഷരത്തിന്റെ മഹാ ഗോപുരം പൊലിയുന്നത്.
കോഴിക്കോടിനെ നെഞ്ചോടു ചേര്‍ത്ത എം ടി ആ ഓര്‍മകള്‍ അത്യന്തം ഹൃദയഹാരിയായി പങ്കുവച്ചിട്ടുണ്ട്.
‘ കോഴിക്കോടിന്റെ മണ്ണില്‍ താനാദ്യമായി കാലുകുത്തുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്. കുട്ടിക്കാലത്തെ ആ മിന്നല്‍സന്ദര്‍ശനത്തിന്റെ ചില ഓര്‍മകള്‍ എപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. അച്ഛന്‍ നാരായണന്‍ നായര്‍ സിലോണില്‍ നിന്ന് ആയിടെ അവധിക്ക് നാട്ടില്‍ വന്നിരുന്നു. അങ്ങനെയൊരു ദിവസം അച്ഛന് ചില ബാങ്കിടപാടുകള്‍ക്കായി കോഴിക്കോട്ടുപോകേണ്ട ആവശ്യം വന്നു. അതുവരെ കോഴിക്കോടിനെക്കുറിച്ച് കേട്ടറിവേയുള്ളൂ. കോഴിക്കോട്ടുപോയി നഗരക്കാഴ്ചകള്‍ കാണണമെന്ന മോഹം അന്നേ മനസ്സിലുണ്ട്. അച്ഛന്‍ കോഴിക്കോട്ടേക്കു പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആ മോഹം കലശലായി. തന്റെ ഭാഗ്യംകൊണ്ടോ എന്തോ, യാത്രയ്ക്ക് എന്നെയും കൂട്ടാന്‍ അച്ഛന്‍ സമ്മതം മൂളി. മനസ്സില്‍ സന്തോഷം നിറഞ്ഞു.പിറ്റേന്ന് പുലര്‍ച്ചെ, അച്ഛനോടൊപ്പം യാത്രപുറപ്പെട്ട് കൂടല്ലൂരില്‍നിന്നും പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തി. നേരം പരപരാ വെളുത്തതും കോഴിക്കോട്ടേക്കുള്ള ടിക്കറ്റെടുത്ത് തീവണ്ടി കയറി. വഴിയോരക്കാഴ്ചകള്‍ കണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി’- ആ യാത്ര ഇങ്ങനെയാണ് എം ടി ഓര്‍ത്തെടുത്തത്.
‘കോഴിക്കോട് നഗരത്തില്‍ തീവണ്ടിയിറങ്ങി ഇംപീരിയല്‍ ബാങ്ക് ലക്ഷ്യമാക്കി നടന്നു. ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാനത്തായിരുന്നു ആ ബാങ്ക്. അച്ഛന്‍ ബാങ്കിനകത്തേക്ക് കയറിപ്പോയി. ഞാനാകട്ടെ, നിരത്തിലെ കാഴ്ചകള്‍ കാണാനായി പുറത്തുതന്നെ നിന്നു. ആ നഗരക്കാഴ്ചകള്‍ ഗ്രാമത്തില്‍നിന്ന് വന്ന എനിക്ക് കൗതുകകരമായിത്തോന്നി. ഇന്നത്തേതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അന്നത്തെ കോഴിക്കോട് നഗരവും നിരത്തുകളും. പ്രധാന നിരത്തുകളിലൂടെയെല്ലാം അക്കാലത്ത് കുതിരവണ്ടികള്‍ തലങ്ങും വിലങ്ങും ഓടിയിരുന്നു. മണികിലുക്കിയോടുന്ന കുതിരവണ്ടികള്‍ നോക്കിനില്‍ക്കുക രസകരമായ കാഴ്ചയായി. ബാങ്കിന് മുന്നിലെ നിരത്തുവക്കില്‍നിന്ന് ഞാനത് നോക്കിനിന്നു. മഴപെയ്തുതോര്‍ന്ന പകലായിരുന്നു അത്. നിരത്തിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടന്നിരുന്നു. കുതിരവണ്ടികളുടെ പാച്ചില്‍ നോക്കിനില്‍ക്കെ, ഒരപകടം പറ്റി. ഒരു വണ്ടിയില്‍ കെട്ടിയിരുന്ന കുതിരയുടെ കാല്‍ റോഡിലെ വെള്ളക്കെട്ടില്‍ പതിച്ചപ്പോള്‍ ചെളിവെള്ളം എന്റെ വെള്ളക്കുപ്പായത്തില്‍ തെറിച്ചുവീണു. ഞാന്‍ നിസ്സഹായനായി നിന്നു. അച്ഛന്‍ ബാങ്കില്‍നിന്നിറങ്ങിവന്നപ്പോള്‍ കണ്ട കാഴ്ച ഇതാണ്’.
കേവലം അര ദിവസത്തില്‍ത്താഴെ മാത്രം നീണ്ട നഗരസന്ദര്‍ശനത്തെക്കുറിച്ചുള്ള എം ടി യുടെ ഒര്‍മ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്.
‘അന്നേ ദിവസം ഉച്ചയ്ക്കുള്ള വണ്ടിയില്‍ത്തന്നെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോന്നു. കൂടല്ലൂരുപോലൊരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നെത്തിയ ഒരു സാധാരണ ബാലനെ ഈ നഗരക്കാഴ്ചകള്‍ വശീകരിക്കാതിരിക്കുന്നതെങ്ങനെ? അത്തരം കാഴ്ചകള്‍ മനസ്സിലേറ്റി മടങ്ങുമ്പോഴും പിന്നീടെന്റെ തട്ടകം കോഴിക്കോട്ടാവുമെന്ന് ഞാനന്ന് ഊഹിച്ചതേയില്ല. പില്‍ക്കാലത്ത് തൊഴില്‍ തേടിയും മറ്റും ഞാന്‍ വീണ്ടും പല തവണ കോഴിക്കോട്ടെത്തി. ഒടുവില്‍, 1956-ല്‍ മാതൃഭൂമിയില്‍ ജോലി കിട്ടി, കോഴിക്കോട്ട് സ്ഥിരതാമസക്കാരനുമായി. മുമ്പെനിക്ക് കൗതുകം പകര്‍ന്നുതന്ന കുതിരവണ്ടികള്‍ അപ്പോഴേക്കും കോഴിക്കോട്ടെ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആ സ്ഥാനത്ത് ആളുകള്‍ വലിക്കുന്ന റിക്ഷാവണ്ടികള്‍ സ്ഥാനംപിടിച്ചു. പിന്നെയും കുറെക്കഴിഞ്ഞാണ് സൈക്കിള്‍ റിക്ഷയുടെ വരവ്. നഗരനിരത്തുകള്‍ വാഹനങ്ങള്‍ നിറഞ്ഞ് ശ്വാസംമുട്ടിക്കുന്ന ഇക്കാലത്തും ആ പഴയ കുതിരക്കുളമ്പടികള്‍ ഇടയ്ക്കിടെ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു’ -മഹാനായ ആ കാഥികന്‍ കോഴിക്കോടിന്റെ അതിവേഗം മാറിക്കൊണ്ടിരുന്ന മുഖത്തെ വരച്ചിടുന്നു.
‘നഗരത്തിലെ പഴയ കെട്ടിടങ്ങളെല്ലാം ഓടിട്ടതുതന്നെ. ഞാന്‍ കോഴിക്കോട്ടുള്ള കാലത്താണ്, വളരെ വൈകി നഗരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാവുന്നത്. പാളയത്തെ മൂന്നുനിലയുള്ള ഇംപീരിയല്‍ ഹോട്ടലിലൂടെയാണ് അത്തരം ബഹുനിലക്കെട്ടിടങ്ങളുടെ തുടക്കം. അന്നതൊരു അത്ഭുതം തന്നെയായിരുന്നു. നഗരവാസികള്‍ കൗതുകത്തോടെ നോക്കിനിന്നു. കാലത്തിന്റെ ഒഴുക്കില്‍ നഗരത്തിന്റെ പല ഭാഗത്തും കൂറ്റന്‍ കെട്ടിടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പഴകിയതും ഓടുമേഞ്ഞതുമായ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റു മന്ദിരങ്ങള്‍ പണിതുയര്‍ത്തി. നഗരം വലുതായി. നഗരാതിര്‍ത്തികള്‍ വികസിച്ചു. നഗരത്തില്‍ നിന്നകന്നുനിന്ന പല പ്രദേശങ്ങളും ഇപ്പോള്‍ നഗരത്തിന്റെതന്നെ ഭാഗമായി. ജീവിതത്തിന്റെ തിരക്കും വേഗവും വര്‍ധിച്ചു. എണ്ണമറ്റ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായി’.
നഗരത്തിലെ ഓണക്കാലത്തെക്കുറിച്ച് എം ടി ഇങ്ങനെ കുറിക്കുന്നു: ‘അന്ന് ഓണത്തിനും പെരുന്നാളിനുമൊന്നും നഗരം ജനസമുദ്രമായി മാറിയിരുന്നില്ല. ജോലിക്കും മറ്റുമായി നഗരത്തില്‍ വന്ന് താമസിച്ചിരുന്നവര്‍ ഉത്സവവേളകളില്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്കു മടങ്ങും. പിന്നെയുള്ളത് നാട്ടുകാരുടെ മാത്രം ആഘോഷങ്ങളാണ്. നിരത്തുവക്കുകളിലും ഹോട്ടലുകളിലുമൊന്നും വലിയ തിരക്കുണ്ടായിരുന്നില്ല ‘ഓണസദ്യയും വിരുന്നുപോക്കുമൊക്കെയായി ചെറിയ ചെറിയ ആഘോഷങ്ങള്‍ മാത്രം. ഉത്സവങ്ങള്‍ അധികവും വീടുകളില്‍ത്തന്നെ ഒതുങ്ങിയിരുന്ന കാലം. വിപണിയില്‍നിന്നു പൂക്കള്‍ വാങ്ങി പൂക്കളമിടുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍, അത്തരമൊരു രീതിയെപ്പറ്റി പഴയകാലത്ത് കേട്ടുകേള്‍വികൂടിയുണ്ടായിരുന്നില്ല. ഓണമടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും വ്യക്തമായ മാര്‍ക്കറ്റിങ് ഇന്നുണ്ട്. ഓണപ്പൂക്കളങ്ങള്‍ ഇന്ന് മത്സരപ്പൂക്കളങ്ങളാണ്. ഓണോത്സവം എന്ന പേരില്‍ ഔദ്യോഗികമായും അല്ലാതെയും പല വിധത്തിലുള്ള പരിപാടികളും നഗരത്തില്‍ ഇന്നു കാണാനുണ്ട്. കച്ചവടത്തിരക്കുകളില്‍ വീര്‍പ്പുമുട്ടുകയാണ് നഗരനിരത്തുകളെല്ലാം. കടപ്പുറവും ആഘോഷത്തിന്റെ വേദിയാവുന്നത് പഴയകാലത്തില്‍നിന്നുള്ള വ്യത്യാസമായി ഞാന്‍ കാണുന്നു. സകല വിഭവങ്ങളുമടങ്ങുന്ന ഓണസദ്യ വിളമ്പാന്‍ നഗരത്തിലെ മുന്തിയ പല ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാം പാക്കറ്റുകളിലാക്കി വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അവര്‍ തയ്യാര്‍. കാലത്തിനൊപ്പം നടക്കാന്‍ ജനങ്ങളും മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു.
കോഴിക്കോട്ടെ താമസത്തെക്കുറിച്ച് എം ടി കുറിക്കുന്നത് ഇങ്ങനെയാണ്: ‘മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടെത്തിയ ഞാനാദ്യം താമസിച്ചത് ചാലപ്പുറത്തുള്ള ഒരു ലോഡ്ജ് മുറിയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വെച്ചാണ് മുറികള്‍ തിരിച്ചിരുന്നത്. ആ കെട്ടിടമൊന്നും ഇപ്പോഴില്ല. അധികം വൈകാതെ അവിടെനിന്ന് ആനിഹാള്‍ റോഡിലെ ഒരു വീടിന്റെ മുകള്‍നിലയിലേക്ക് താമസം മാറ്റി. അവിടെ രണ്ടു മുറികളും ഒരു വരാന്തയും ചേര്‍ന്ന ആ ഭാഗം എം ബി ട്യൂട്ടോറിയല്‍ ഉടമ കൃഷ്ണന്‍ മൂസ്സ് വാടകയ്‌ക്കെടുത്തു. ഞാനും പങ്കാളിയായി. പ്രതിമാസം നാല്പതു രൂപ വാടക. അന്നത് വലിയൊരു തുകയായിരുന്നു. പിന്നീട് കൃഷ്ണന്‍ മൂസ്സ് അവിടെനിന്നു താമസം മാറ്റിയെങ്കിലും ഞാനൊറ്റയ്ക്ക് അവിടെ താമസം തുടര്‍ന്നു. മാതൃഭൂമിയില്‍ ജോലിചെയ്യുമ്പോള്‍ത്തന്നെ ഞാന്‍ തളിയിലെ ട്യൂട്ടോറിയല്‍ കോളേജിലും പഠിപ്പിച്ചിരുന്നു. ജോലിയെ ഒരു വിധത്തിലും ബാധിക്കാതെയായിരുന്നു അധ്യാപനം. രാവിലെ ജോലിസമയത്തിന് മുന്‍പും വൈകിട്ട് ജോലിക്ക് ശേഷവും കുറച്ചുസമയം പഠിപ്പിക്കാനായി കണ്ടെത്തി. രാവിലെയുള്ള അധ്യാപനം കഴിഞ്ഞ് ഞാന്‍ റിക്ഷയിലാണ് പതിവായി മാതൃഭൂമിയിലെത്തിയിരുന്നത്. നടക്കാന്‍ മടിയുള്ളതുകൊണ്ടോ, കൈയില്‍ ധാരാളം പണമുള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല റിക്ഷയെ ആശ്രയിക്കേണ്ടിവന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ ക്ലാസുകഴിഞ്ഞാല്‍ കേവലം പത്തുമിനിറ്റുകൊണ്ട് എനിക്ക് ജോലിക്കെത്തേണ്ടതുണ്ടായിരുന്നു. ആ സമയത്തിനുള്ളില്‍ ഏതായാലും നടന്നെത്താനാവില്ല. അങ്ങനെയാണ് ഞാന്‍ സ്ഥിരമായി ഒരു റിക്ഷ ഏര്‍പ്പാടാക്കിയത്. കൃഷ്ണനെന്ന് പേരുള്ള റിക്ഷാക്കാരന്‍ പതിവുതെറ്റാതെ ട്യൂട്ടോറിയല്‍ കോളേജിന് മുന്നിലെത്തി എന്നെ റിക്ഷയില്‍ കയറ്റി സമയത്തിന് ഓഫീസിലെത്തിച്ചു. ഈ റിക്ഷായാത്ര രാവിലത്തെ മാത്രം ശീലമായിരുന്നു. വൈകീട്ട് വേണ്ടത്ര സമയമുള്ളതിനാല്‍ തളിയിലേക്ക് നടന്നുതന്നെ പോയി. അധ്യാപനവും റിക്ഷായാത്രയും അവസാനിപ്പിച്ചതിനുശേഷവും കൃഷ്ണന്‍ പലപ്പോഴും എന്നെത്തേടി മാതൃഭൂമിയിലെത്തുകയും തന്റെ പ്രാരബ്ധങ്ങള്‍ വിവരിക്കുകയും ചെയ്തിരുന്നു’.
കോഴിക്കോട് നഗര ജീവിതത്തെ എം പി ഇങ്ങനെയാണ് രേഖപ്പെടുത്തിയത്:
‘റിക്ഷകളുടെ സജീവകാലത്ത് നഗരത്തിലെ പേരെടുത്ത വക്കീലന്മാരൊക്കെ സ്ഥിരം റിക്ഷകളിലാണ് കോടതിയിലേക്കു വരുന്നതും പോകുന്നതും. കോഴിക്കോട്ടെ ധാരാളം അയ്യര്‍മാര്‍ അന്ന് വക്കീലന്മാരായിരുന്നു. കോട്ടും തലപ്പാവുമൊക്കെ ധരിച്ച് റിക്ഷയില്‍ ചാരിയിരുന്നു യാത്രചെയ്യുന്ന അവരെ കാണാന്‍തന്നെ രസമുണ്ട്. നെറ്റിയില്‍ നീളന്‍ ചന്ദനക്കുറിയും കൈയില്‍ കനത്ത കേസുകെട്ടുകളുമായി പോകുന്ന വക്കീലന്മാരെ ഞാനും പലപ്പോഴും നോക്കിനിന്നിട്ടുണ്ട്. കാറുകള്‍ അപൂര്‍വമായേ അക്കാലത്ത് നിരത്തിലുണ്ടായിരുന്നുള്ളൂ. അതും മോറിസ് മൈനര്‍ പോലുള്ള ചെറുകാറുകള്‍. പ്രസിദ്ധരായ ഏതാനും ഡോക്ടര്‍മാരായിരുന്നു കോഴിക്കോട്ടെ ആദ്യത്തെ കാറുടമകള്‍. നഗരത്തിലെ പ്രമാണിയായ ഒരു ഡോക്ടര്‍ക്ക് സ്വന്തം കാറുണ്ടായിരുന്നു. ‘കെ.എല്‍.ഡി.100′ എന്ന കൗതുകനമ്പറായിരുന്നു അതിന്റെത്. ആ കാറ് എപ്പോഴൊക്കെ കടന്നുപോകുന്നുവോ അപ്പോഴൊക്കെ തിക്കോടിയന്‍ എന്നോടു പറയും, എടാ, അങ്ങേരുടെ ഒരു രോഗികൂടി മരിച്ചാല്‍ 100 മാറ്റി 101 ആക്കും!സ്വതഃസിദ്ധമായ നര്‍മം സദാ വിളയാടുന്ന തിക്കോടിയനും ഇന്നില്ല…’
ലോക ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന കോഴിക്കോട്ടെ ക്രൗണ്‍ തിയ്യറ്ററിനെപ്പറ്റിയും ഫോട്ടോ ഗ്രാഫിയിയില്‍ തനിക്കുന്ന താല്‍പര്യത്തെ വളര്‍ത്തിയ നഗരത്തെക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞുകൊണ്ടാണ് എം ടിയുടെ കോഴിക്കോടന്‍ ഓര്‍മകള്‍ അവസാനിക്കുന്നത്.