Connect with us

Kerala

അവകാശവാദങ്ങള്‍ പൊളിഞ്ഞു; എങ്കിലും സാന്നിധ്യമറിയിച്ച് അന്‍വര്‍

3,920 വോട്ടാണ് ചേലക്കരയില്‍ മത്സരിച്ച ഡി എം കെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന് ലഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനെയും വെല്ലുവിളിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച പി വി അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി എം കെ)ക്ക് കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല. 3,920 വോട്ട് മാത്രമാണ് ചേലക്കരയില്‍ മത്സരിച്ച ഡി എം കെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 2.51 ശതമാനം മാത്രമാണിത്. മുന്‍ ദലിത് കോണ്‍ഗ്രസ്സ് നേതാവാണ് സുധീര്‍. മണ്ഡലത്തില്‍ 12,201 വോട്ട് ഭൂരിപക്ഷത്തോടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇടത് സാരഥി യു ആര്‍ പ്രദീപിനോ രണ്ടാമതെത്തിയ യു ഡി എഫിലെ രമ്യാ ഹരിദാസിനോ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ ഡി എം കെക്കായില്ല. എങ്കിലും നാലായിരത്തിനടുത്ത് വോട്ട് സ്വന്തമാക്കി സാന്നിധ്യമറിയിക്കാന്‍ അന്‍വറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.

ഇടതു മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം പുതിയ പാര്‍ട്ടി രൂപവത്കരിച്ച അന്‍വര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാടും ചേലക്കരയിലും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നല്‍കുമെന്നും പറഞ്ഞു. പിന്നീട് പാലക്കാട് മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണെന്നും യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുകയാണെന്നും തിരഞ്ഞെടുപ്പ് റാലി നടത്തി അന്‍വര്‍ പ്രഖ്യാപിച്ചു. ബി ജെ പി ജയിക്കാതിരിക്കാനാണ് രാഹുലിനെ നിരുപാധികം പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇതിന് ചൂണ്ടിക്കാട്ടിയ ന്യായം.

അതേസമയം, ചേലക്കരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും പിന്‍വലിക്കില്ലെന്നും അദ്ദേഹം നിലപാടെടുത്തു. അന്‍വറിന്റെ നിലപാട്. എന്നാല്‍, ചേലക്കരയില്‍ അന്‍വറിന്റെ പ്രതീക്ഷകളെല്ലാം പൂര്‍ണമായും തകര്‍ന്നടിയുന്നതാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്.

എന്നാല്‍, ചേലക്കരയില്‍ വലിയ പിന്തുണ ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷമുള്ള പി വി അന്‍വറിന്റെ അവകാശവാദം. പിണറായിസത്തിന് എതിരെയുള്ളതാണ് തന്റെ പാര്‍ട്ടിക്ക് ലഭിച്ച വോട്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വിലയിരുത്തുന്നു.

സി പി എമ്മും, ബി ജെ പിയും, കോണ്‍ഗ്രസ്സും ഒഴികെയുള്ള ഒരു പാര്‍ട്ടിക്കും കേരളത്തില്‍ എല്ലായിടത്തും മത്സരിച്ചാല്‍ ഡി എം കെക്ക് ലഭിച്ചത്രയും വോട്ട് കിട്ടില്ലെന്ന വാദവും അന്‍വര്‍ ഉന്നയിച്ചു. മാത്രമല്ല, കോഴിക്കോടോ, കണ്ണൂരോ മറ്റോ ആയിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ തന്റെ പാര്‍ട്ടിക്ക് ഇതിനേക്കാള്‍ വോട്ട് ലഭിക്കുമായിരുന്നുവെന്നും അന്‍വര്‍ അവകാശപ്പെട്ടു.

ചേലക്കരയില്‍ എല്‍ ഡി എഫ് വോട്ട് യു ഡി എഫിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത്. ബി ജെ പിക്ക് കൂടുതലായി കിട്ടിയ വോട്ടും ആന്റി പിണറായിസത്തിന്റെതാണെന്നും അന്‍വര്‍ പറഞ്ഞു.

 

 

 

 

 

 

Latest