Economic Reservation
സാമ്പത്തിക സംവരണത്തിനായി മുറവിളി: നഷ്ടമാകുന്നത് സംവരണ സമുദായങ്ങളുടെ ആനുകൂല്യങ്ങൾ
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ട് എന്നല്ലാതെ അതിന്റെ ഒരു പ്രയോജനവും ഫലത്തിൽ ലഭിക്കുന്നില്ല.
ആലപ്പുഴ | സാമുദായിക സംവരണത്തിനെതിരായും സാമ്പത്തിക സംവരണത്തിന് വേണ്ടിയുമുള്ള മുറവിളി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജാതി സംവരണം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് എൻ എസ് എസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോഴും ഉദ്യോഗസ്ഥ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും മുന്നിട്ട് നിൽക്കുന്നത് മുന്നാക്ക വിഭാഗങ്ങൾ തന്നെയാണെന്നാണ് കണക്കുകൾ. അർഹമായ ആനുകൂല്യം പോലും സംവരണ സമുദായങ്ങൾക്ക് നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്ര സർക്കാർ 2019ൽ പാസ്സാക്കിയ നിയമപ്രകാരം മുന്നാക്ക സമുദായങ്ങൾക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്ത് ശതമാനം സംവരണം കൃത്യമായി ലഭിക്കുമ്പോൾ, പട്ടികജാതി- പട്ടികവർഗ, പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ സംവരണം പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. സംസ്ഥാനത്ത് ജനസംഖ്യയിൽ 20 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണവും സാമൂഹികമായും വിദ്യാഭ്യാസപരമായും തൊഴിൽപരമായും ചരിത്രപരമായും പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് 40 ശതമാനം സംവരണവുമാണ് ലഭിക്കുന്നത്.
ഇതിൽ പിന്നാക്ക വിഭാഗങ്ങളിൽ എട്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കേ സംവരണാനുകൂല്യം ലഭിക്കുകയുള്ളൂ. മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച് ഗ്രാമപ്രദേശങ്ങളിൽ അഞ്ച് ഏക്കർ വരെ ഭൂമി ഉള്ളവരെയും 1,000 സ്‌ക്വയർ ഫീറ്റ് വരെ വിസ്തൃതിയുള്ള ഭവനമുള്ളവരെയും വരുമാന പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാന പരിധി അടക്കമുള്ള ആനുകൂല്യങ്ങൾ മുന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നു. ക്രീമിലെയർ ബാധകമാക്കിയിരിക്കുന്നതിനാൽ ദേശീയതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട 27 ശതമാനം സംവരണം ലഭിക്കാതെ വരികയും ബാക്കിയുള്ളത് അതേ വിഭാഗത്തിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് നൽകണമെന്നുള്ള ആവശ്യം അംഗീകരിക്കപ്പെടാത്തതിനാലും ഇത് ജനറൽ മെറിറ്റിൽ പോകുന്ന സ്ഥിതിയാണുള്ളത്.
പരമ്പരാഗത തൊഴിലാളി വിഭാഗങ്ങളെ ക്രീമിലെയറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആർ എൻ പ്രസാദ് കമ്മീഷന്റെ ശിപാർശ നടപ്പാക്കിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള നഷ്ടം സംഭവിക്കുകയില്ലായിരുന്നെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ദിനകരൻ പറയുന്നു.
സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമം കേരളത്തിൽ നടപ്പാക്കിയപ്പോഴാകട്ടെ, പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യത്തിൽ കൈയിട്ടുവാരുകയും ചെയ്തു. ജനറൽ മെറിറ്റിൽ നിന്ന് പത്ത് ശതമാനം നൽകുന്നതിന് പകരം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ 50 ശതമാനത്തിൽ നിന്നാണ് മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
നരേന്ദ്രൻ കമ്മീഷൻ റിപോർട്ട് അനുസരിച്ച് മെറിറ്റ് സീറ്റിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ ശതമാനമാണ്. മെറിറ്റ് സീറ്റിന്റെ 80 ശതമാനവും ലഭിക്കുന്നത് സാമ്പത്തിക സംവരണ വാദികളായ മുന്നാക്ക വിഭാഗങ്ങൾക്കാണെന്ന് വി ദിനകരൻ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ട് എന്നല്ലാതെ അതിന്റെ ഒരു പ്രയോജനവും ഫലത്തിൽ ലഭിക്കുന്നില്ല. ദേവസ്വം ബോർഡ് പോലെയുള്ള സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാത്രമാണ് പരിഗണനയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.