Connect with us

From the print

കാള്‍സനെ വീഴ്ത്തിയ ക്ലാസ്സ്

ക്ലാസ്സിക്കല്‍ ചെസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് ആര്‍ പ്രഗ്‌നാനന്ദ.

Published

|

Last Updated

ഒസ്‌ലോ | നോര്‍വെ ചെസ്സ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ. ക്ലാസ്സിക്കല്‍ ചെസ്സില്‍ പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പ്പിക്കുന്നത് ഇതാദ്യം. ക്ലാസ്സിക്കല്‍ ചെസ്സില്‍ കാള്‍സനെ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് 18കാരനായ പ്രഗ്‌നാനന്ദ.

വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ വിജയത്തോടെ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5.5 പോയിന്റാണ് പ്രഗ്‌നാനന്ദക്ക്. അതേസമയം, തോല്‍വിയോടെ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി.

ക്ലാസ്സിക്കല്‍ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ പ്രഗ്‌നാനന്ദ നേടുന്ന ആദ്യ വിജയമെന്ന പ്രത്യേകതയുമുണ്ട്. ഈ റൗണ്ടില്‍ മുമ്പ് കാള്‍സനുമായി മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്കുള്ള പ്രഗ്‌നാനന്ദയുടെ കണക്കുതീര്‍ക്കല്‍ കൂടിയാണ് ജയം. നാലാം റൗണ്ടില്‍, മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ഹികാരു നകാമുറയാണ് എതിരാളി. മറ്റ് മത്സരങ്ങളില്‍ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയാനോ കരുവാന നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി.

വനിതകളുടെ മത്സരത്തില്‍ പ്രഗ്‌നാനന്ദയുടെ സഹോദരി ആര്‍ വൈശാലിയാണ് ഒന്നാം സ്ഥാനത്ത്. അന്ന മുസിചുക്കിനെതിരെ സമനില പിടിച്ചതോടെ 5.5 പോയിന്റ് നേടിയാണ് വൈശാലി ഒന്നാം സ്ഥാനത്തെത്തിയത്.

 

 

 

---- facebook comment plugin here -----

Latest