Kerala
നയന സൂര്യന്‍ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായി; നഷ്ടമായത് നിര്‍ണായക തെളിവ്
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മരണമായതിനാല്‍ അന്വേഷണത്തില്‍ വസ്ത്രം ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറന്‍സിക് പരിശോധന ഏറെ നിര്‍ണായകവുമാണ്
തിരുവനന്തപുരം | സംവിധായിക നയന സൂര്യന്‍ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് അറിയുന്നത്. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ വസ്ത്രങ്ങളാണ് കാണാതായത്. ഇവ ഫോറന്‍സിക് ലാബിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
എന്നാല്‍ വസ്ത്രങ്ങള്‍ ലാബിലേക്ക് കൈമാറിയതിന്റെ രേഖകള്‍ പോലീസ് സ്റ്റേഷനിലില്ല. തുടര്‍ അന്വേഷണത്തിലെ നിര്‍ണായക തെളിവാണ് മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മരണമായതിനാല്‍ അന്വേഷണത്തില്‍ വസ്ത്രം ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറന്‍സിക് പരിശോധന ഏറെ നിര്‍ണായകവുമാണ്.
ചില നിര്‍ണായക വിവരങ്ങള്‍ നേരത്തെ കേസ് അന്വേഷിച്ചിരുന്ന് മ്യൂസിയം പോലീസ് ശേഖരിച്ചില്ലെന്ന്് പുതിയ അന്വേഷണസംഘം ആരോപിച്ചിരുന്നു. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വര്‍ധിച്ചത്. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമര്‍ശനങ്ങളും ശക്തമാണ്.
നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വഴി ഒരാള്‍ക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.