Uae
എ ഡി ജി പിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപോർട്ടിലുള്ള കാര്യങ്ങളെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആദ്യം മുതലേ പ്രതിപക്ഷ നിലപാട്.

അജ്മാൻ | മുഖ്യമന്ത്രി ഭീരുവിനെപ്പോലെ മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുന്നുവെന്നും എ ഡി ജി പിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് ആരോപണമുണ്ടായി. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതുപോലൊരു ഉപജാപക സംഘം പ്രവർത്തിച്ചു. അതിന്റെ നേതാവ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സീനിയർ െഎ എ എസ് ഉദ്യോഗസ്ഥനാണ്. അയാൾ രണ്ട് കേസുകളിൽ ജയിലിൽ പോയി. ഒരു കേസിൽ 100 ദിവസം ജയിലിൽ കിടന്ന് തിരിച്ചുവന്ന് വിശ്രമിച്ച് വീണ്ടും പോയി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നേരിടുന്നതും ഇതേപോലുള്ള കാര്യങ്ങൾ തന്നെ. എട്ട് കൊല്ലം കഴിഞ്ഞപ്പോൾ അതു കുറച്ചുകൂടുതലായി.
സ്വർണക്കടത്ത് നടത്തുന്നവരിൽ നിന്ന് അത് അടിച്ചുമാറ്റുന്ന സ്വർണം പൊട്ടിക്കൽ വരെയെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവു നശിപ്പിക്കലാണ് മറ്റൊന്ന്. ഇതിന്റെ ഭാഗമായി രണ്ട് കൊലപാതകങ്ങൾ നടന്നു. കൈക്കൂലി തുടങ്ങി നിരന്തര ആരോപണങ്ങൾ വേറെയും. മുഖ്യമന്ത്രിയാണെങ്കിൽ ഇതിനെപ്പറ്റിയൊന്നും ഇതുവരെ മിണ്ടിയിട്ടില്ല. കേരളത്തിലെ ലോ ആൻഡ് ഓർഡർ അഡീഷണൽ ഡി ജി പി, എം ആർ അജിത്കുമാർ ഔദ്യോഗിക വാഹനം മാറ്റി സ്വകാര്യ വാഹനത്തിൽ ആർ എസ് എസ് നേതാവിനെ കണ്ട് ഇടനിലക്കാരനോടൊപ്പം ഒരു മണിക്കൂർ സംസാരിക്കുന്നത് എന്ത് വ്യക്തിപരമാണെന്ന് സതീശൻ ചോദിച്ചു. അവർ തമ്മിൽ അതിർത്തിത്തർക്കമുണ്ടോ? പ്രകാശ് ജാവ്‌ദേക്കറെ കണ്ടു എന്നതിന്റെ പേരിൽ ജയരാജനെ വീട്ടിലേക്ക് പറഞ്ഞുവിടുന്നു. ദത്തത്രെയാ ഹൊസബലയെ കാണാൻ വേണ്ടി ദൂതനെ വിട്ട മുഖ്യമന്ത്രി അതേ കസേരയിൽ ഇരിക്കുന്നു. ദൂതനായി പോയ എ ഡി ജി പിക്കും സ്ഥാനചലനമില്ല. ഇത് ഇരട്ടത്താപ്പും ജയരാജനോട് കാണിച്ച അനീതിയുമാണ്.
ഹേമ കമ്മിറ്റി റിപോർട്ടിലുള്ള കാര്യങ്ങളെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആദ്യം മുതലേ പ്രതിപക്ഷ നിലപാട്. അതിലുണ്ടായിരുന്ന പെൻഡ്രൈവിനെക്കുറിച്ചും അന്വേഷിക്കണം. ഇതു തന്നെയാണ് ഹൈക്കോടതിയും ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഭരണകക്ഷിയിലെ എം എൽ എ 10 ദിവസമായി വന്ന് തലപ്പത്തിരിക്കുന്നയാളെ വെല്ലുവിളിക്കുന്നു. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണം വന്നു എന്ന് പറഞ്ഞാൽ അത് തലപ്പത്തിരിക്കുന്നയാൾക്കെതിരെ തന്നെയാണ്. അത് അന്വേഷിച്ച് കണ്ടുപിടിച്ച് പരിഹരിച്ചില്ലെങ്കിൽ അദ്ദേഹത്തിന് കൂടി പങ്കുണ്ടെന്നാണ് അർഥം.
മുഖ്യമന്ത്രിക്കെതിരെ തുടരെത്തുടരെ പരാതികൾ വരുന്നു. ഇത് തെറ്റാണെന്ന് ആർക്കും പറയാനാകുന്നില്ല. ഘടകക്ഷികൾ മുഴുവനും പറഞ്ഞിട്ടും അന്വേഷിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലീസിനെ നിയന്ത്രിക്കുന്ന ഒരു ഉപജാപകസംഘം പ്രവർത്തിക്കുന്നു. സി പി എമ്മും ബി ജെ പിയും തമ്മിൽ അവിശുദ്ധബന്ധമുണ്ട്. പാർട്ടി ജീർണത നേരിടുന്നു. ഇത് മൂന്നും ശരിയായി. ഉപജാപക സംഘത്തിലെ കൂടുതൽ പേരുകൾ പുറത്തുവരും. കാഫിർ വിഭാഗം, ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകി, തൃശൂർപൂരം കലക്കൽ എന്നിവ സി പി എമ്മിന്റെ കപടമതേരത്വത്തിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.